മുണ്ടേരി സ്കൂൾ ഇനി ചരിത്രത്തിന്റെ ഭാഗം; സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Anees kannadiparamba

പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത് 5000 കോടിയുടെ വികസനം:മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാവരും അതിൽ സന്തോഷിക്കും എന്നതാണ്. നമ്മുടെ നാടിന്റെ വിദ്യാഭ്യാസരംഗം നല്ലതോതിൽ അഭിവൃദ്ധിപ്പെടുത്തുന്നത് സർക്കാർ നേരത്തെ തന്നെ തയ്യാറാക്കിയ പദ്ധതിയാണ്. അത് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതാണ് സർക്കാരിന്റെ ചുമതല. രാജ്യത്തിന്റെ പലഭാഗത്തും സ്കൂളിന്റെ പടി കയറാത്ത കോടിക്കണക്കിന് കുട്ടികളുണ്ട്. ഇവിടെ നമുക്ക് അത്തരം ഒരു കാര്യം ആലോചിക്കാനേ ആവില്ല. എന്നാൽ ഇവിടെയും അത്തരം സാഹചര്യം നിലനിന്നിരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധിയാളുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ മാറ്റിയെടുക്കുന്നതിന് വേണ്ടി വലിയ ഇടപെടൽ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകൻ മാരുടെ ഭാഗത്തുനിന്നുണ്ടായി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇഎംഎസ് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തിയത്. സാർവത്രിക വിദ്യാഭ്യാസം, സൗജന്യ വിദ്യാഭ്യാസം എന്നിവയിലൂടെ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിൽ സർക്കാർ മുഖ്യ പങ്കുവഹിച്ചു.

സംസ്ഥാന സർക്കാർ 2016 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രൂപീകരിച്ച് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
ജൂൺ ഒന്നാം തീയതിതന്നെ എല്ലാ സ്കൂൾ കുട്ടികളുടേയും കയ്യിൽ പാഠപുസ്തകങ്ങൾ എത്തുകയാണ്. ഇത്തരം മാറ്റങ്ങൾ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സർക്കാർ ചെയ്യുന്നതാണ്. വലിയ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടതോടെ അതിഥി തൊഴിലാളികളുടെ മക്കൾ അടക്കം നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരായി മാറി. ഇത്തരത്തിൽ നവകേരളം നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഒരു ഹൈസ്കൂൾ എന്ന നിലയിൽ നിന്നും മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആർജിക്കാൻ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്കൂളിന്റെ പ്രത്യേകത. വികസനം എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി. അതോടൊപ്പം പാഠ്യക്രമത്തിലും പഠന സമയത്തിലുമെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ. കലാ-കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്. 1980കളിലാണ് സ്കൂൾ സ്ഥാപിതമാകുന്നത്. വലിയ പൊതുജന പിന്തുണ സ്കൂൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്നു. ഇവിടെയുള്ള പ്രാദേശിക ഭരണസമിതിയും സാമൂഹ്യപ്രവർത്തകരും പൊതുജനങ്ങളും ഈ സ്കൂൾ സ്ഥാപിക്കുന്നത് വലിയ പങ്കുവഹിക്കുകയുണ്ടായി. മഹല്ല് ജമാഅത്ത് നൽകിയ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്. അഞ്ച് പതിറ്റാണ്ടിനിടയിൽ വലിയ വളർച്ചയും വികാസവും മുണ്ടേരി സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയോടൊപ്പം സഞ്ചരിച്ച് വലിയ മികവിലേക്ക് ഈ സ്കൂൾ മാറി എന്നതാണ് അനുഭവം. ഹയർസെക്കൻഡറി സ്കൂളിനൊപ്പം പഞ്ചായത്തിലെ 14 പ്രൈമറി വിദ്യാലയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലസ്റ്റർ രൂപം നൽകി. അതിനായി രൂപീകരിച്ച മുദ്രാ പദ്ധതി നല്ല രീതിയിൽ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തി. വലിയ തോതിലുള്ള ആധുനിക മാതൃകയിലുള്ള ലാബുകൾ അഡ്വാൻസ് റോബോട്ടിക് ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനാകും വിധം ജൈവ ഉദ്യാനങ്ങൾ. ഇങ്ങനെ മുണ്ടേരി സ്കൂൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അഭിമാനമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എം.പി. കെ.കെ. രാഗേഷ് അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ, വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വി. ബിജു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം
മോഹനൻ മുത്തേടത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി.മുകുന്ദൻ, കെ ബാബുരാജ്, മുണ്ടേരി ഗംഗാധരൻ, ടി പ്രകാശൻ, പി സി അഹമ്മദ് കുട്ടി, കെ.പി പ്രശാന്ത്, പി.കെ രാഘവൻ, പി.സി ഷബീർ, കെ നസീർ, പി ചന്ദ്രൻ, സി മനോജ്, എ അനീഷ, എ പങ്കജാക്ഷൻ, പി.സി ആസിഫ്, സ്കൂൾ ചെയർപേഴ്സൺ സി.എച്ച് ദേവനന്ദ രാജേഷ്, കെ വേണു എന്നിവർ സംസാരിച്ചു.
(പടം, വീഡിയോ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!