മയ്യിൽ: ദേശാടന പക്ഷികളുടെ പറുദീസയായ കാട്ടാമ്പള്ളി വയലിൽ വീണ്ടും വിസ്മയം. യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി എത്തുന്ന അപൂർവ്വ ദേശാടന പക്ഷിയായ റെഡ് ബാക്ഡ് ഷെയ്ക്കിനെ (Red-backed Shrike) കാട്ടാമ്പള്ളിയിൽ കണ്ടെത്തി. കേരളത്തിൽ രേഖപ്പെടുത്തുന്ന 567-ാമത്തെ പക്ഷി ഇനമാണിത്.
പക്ഷി നിരീക്ഷകരായ ഡോ. ജയൻ തോമസ്, അഫ്‌സൽ നായക്കൻ എന്നിവരാണ് കഴിഞ്ഞ നവംബറിൽ തുടർച്ചയായ നിരീക്ഷണത്തിലൂടെ ഈ പക്ഷിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ബ്രിട്ടീഷ് പക്ഷി വിദഗ്ധൻ ഗ്രഹാം വാൽബ്രിഡ്ജ് പക്ഷിയുടെ തൂവലുകളുടെ ഘടനയും വലുപ്പവും പരിശോധിക്കുകയും മറ്റ് വിദഗ്ധർ ഇത് റെഡ് ബാക്ഡ് ഷെയ്ക്ക് തന്നെയെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. റുമേനിയ, ബൾഗേറിയ, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം നടത്തുന്ന ഇവയുടെ കേരളത്തിലേക്കുള്ള വരവ് പക്ഷി നിരീക്ഷണ രംഗത്ത് ഏറെ നിർണ്ണായകമാണ്.
പുൽമേടുകളിലും വയലുകളിലും കാണപ്പെടുന്ന ഇവ പുഴുക്കൾ, പുൽച്ചാടികൾ, ചെറിയ ഷഡ്പദങ്ങൾ എന്നിവയെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. ഇതിനകം 281-ഓളം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുള്ള കാട്ടാമ്പള്ളി, ലോക പക്ഷി നിരീക്ഷണ ഭൂപടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഈ കണ്ടെത്തൽ സഹായിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

