കണ്ണൂർ: മുസ്ലിം ലീഗിനെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള കടുത്ത മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്ലിം ലീഗ് ദുർബലപ്പെട്ടാൽ ആ ഒഴിവിലേക്ക് വരുന്നത് തീവ്രവാദ സംഘടനകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഭാഗമായുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരളത്തിലെ മതേതരത്വത്തിന്റെ കരുത്താണെന്നും തീവ്രവാദത്തിനെതിരെയുള്ള വലിയൊരു മതിലായി ലീഗ് നിലകൊള്ളുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് രാജ്യം കത്തുമ്പോൾ കേരളത്തിൽ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച നേതൃപാടവം അദ്ദേഹം അനുസ്മരിച്ചു. അതാണ് ലീഗിന്റെ യഥാർത്ഥ പൈതൃകമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ സി.പി.എം കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ യു.ഡി.എഫിൽ നിൽക്കാൻ ആയിരം കാരണങ്ങളുണ്ടെന്നും എൽ.ഡി.എഫിലേക്ക് പോകാൻ ഒരു കാരണവുമില്ലെന്നുമുള്ള നിലപാടിലൂടെ പാണക്കാട് തങ്ങൾ ആ നീക്കങ്ങളെ തള്ളിക്കളഞ്ഞുവെന്ന് സതീശൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുമായി യു.ഡി.എഫ് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

