നണിയൂർ: വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിലെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കർഷകരുടെ നിർദ്ദേശങ്ങളും പ്രയാസങ്ങളും നേരിട്ട് കേൾക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘കർഷക സഭ’ സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യ കർഷകസംഘം രൂപംകൊണ്ട ചരിത്രഭൂമിയായ നണിയൂരിലെ പാടശേഖരത്തിൽ വെച്ചാണ് സഭ നടന്നത്. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കർഷകരും പാടശേഖര സമിതി ഭാരവാഹികളും സഭയിൽ സജീവമായി പങ്കെടുത്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ കർഷക സഭ ഉദ്ഘാടനം ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാകും വരും വർഷങ്ങളിൽ പഞ്ചായത്ത് നടപ്പിലാക്കുകയെന്ന് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി കൃഷി ഓഫീസർ റിൻസി റോസ് കാർഷിക മേഖലയിലെ നിലവിലെ സ്ഥിതിവിവരങ്ങൾ അടങ്ങിയ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. റഹ്മത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ.പി. സജീവ് എന്നിവർ സംസാരിച്ചു.
നണിയൂർ വാർഡ് അംഗം പ്രസന്ന ശശീന്ദ്രൻ സ്വാഗതവും, നണിയൂർ പാടശേഖരം സെക്രട്ടറി കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. കൃഷിനാശം, സബ്സിഡികൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കർഷകർ തങ്ങളുടെ അഭിപ്രായങ്ങൾ സഭയിൽ രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

