റിപ്പോർട്ട്: അനീസ് കണ്ണാടിപ്പറമ്പ്
നാറാത്ത്: സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും ജൈവവൈവിധ്യ സംരക്ഷണത്തിലും മാതൃകയായ നാറാത്ത് കൊട്ടിച്ചാൽ അങ്കണവാടി സംസ്ഥാനത്തെ മികച്ച അങ്കണവാടിയായി തിരഞ്ഞെടുക്കപ്പെട്ടു. നാറാത്ത് പഞ്ചായത്തിലെ ഏക മാതൃകാ അങ്കണവാടിയായ കൊട്ടിച്ചാൽ, വിദ്യഭ്യാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും നൽകുന്ന അമിത പ്രാധാന്യമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ. ഈ വലിയ നേട്ടത്തിന് പിന്നിലെ വിജയരഹസ്യങ്ങൾ വർക്കർ കെ. ലീന ടീച്ചർ ‘കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിനോട്’ പങ്കുവെക്കുന്നു.
അനുഭവങ്ങളിലൂടെയുള്ള വേറിട്ട പഠനരീതി
ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ സമഗ്രമായ ബുദ്ധിവികാസത്തിന് അഞ്ച് പ്രധാന മേഖലകളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഭാഷാ വികാസം, ശാരീരിക-ചാലക വികാസം, വൈജ്ഞാനിക വികാസം, സാമൂഹിക-സാംസ്കാരിക വികാസം, സർഗ്ഗാത്മകത എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നു. വർഷത്തിൽ 24 പ്രധാന തീമുകളും 6 ഉപതീമുകളുമായിട്ടാണ് പഠനപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
വെറുതെ പറഞ്ഞു കൊടുക്കുന്നതിന് പകരം കുട്ടികളെക്കൊണ്ട് ഓരോ കാര്യങ്ങളും ചെയ്യിപ്പിച്ച് പഠിപ്പിക്കുന്ന രീതിയാണ് (Learning by doing) ഇവിടെ പിന്തുടരുന്നത്.
• മാതൃകാ ആശുപത്രി: ‘രോഗങ്ങളും ആശുപത്രിയും’ എന്ന തീം പഠിപ്പിക്കുമ്പോൾ അങ്കണവാടിയിൽ ഒരു ആശുപത്രിയുടെ അന്തരീക്ഷം തന്നെ കൃത്രിമമായി ഒരുക്കുന്നു. കുട്ടികൾ തന്നെ ഡോക്ടറായും നേഴ്സായും രോഗികളായും മാറി അഭിനയിക്കുന്നതിലൂടെ ഈ മേഖലയെക്കുറിച്ച് അവർക്ക് ആഴത്തിലുള്ള അറിവ് ലഭിക്കുന്നു.
• ശാസ്ത്ര പരീക്ഷണങ്ങൾ: ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ളവ കുട്ടികളിലെ കൗതുകവും ശാസ്ത്രബോധവും വർദ്ധിപ്പിക്കുന്നു.
കൃത്യനിഷ്ഠയും അർപ്പണബോധവും
പുരസ്കാര നിറവിലും തന്റെ ജോലിയോടുള്ള ഉത്തരവാദിത്തം മറക്കാതെ മാതൃകയാവുകയാണ് വർക്കർ കെ. ലീന ടീച്ചർ. സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്തായിരുന്ന ടീച്ചർ, ഇന്ന് രാവിലെ തിരിച്ചെത്തിയ ഉടൻ തന്നെ വിശ്രമമില്ലാതെ തന്റെ അങ്കണവാടിയിൽ ഡ്യൂട്ടിക്ക് ഹാജരായി. “നമ്മൾ കൃത്യസമയം പാലിച്ചാൽ മാത്രമേ നമ്മുടെ മക്കളും അത് ശീലിക്കൂ. കുട്ടികൾ അങ്കണവാടിയിൽ വരുമ്പോൾ അവരെ സ്വീകരിക്കാൻ നമ്മൾ അവിടെ ഉണ്ടാകണം,” എന്ന് ടീച്ചർ കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
കൂട്ടായ പരിശ്രമത്തിന്റെ വിജയം
2001-ൽ ആരംഭിച്ചത് മുതൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്. 2015-16 വർഷത്തിൽ മികച്ച വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ കെ. ലീന ടീച്ചറുടെ നേതൃത്വവും ഹെൽപ്പർ സുലേഖയുടെ കഠിനാധ്വാനവും ഈ വിജയത്തിന് പിന്നിലുണ്ട്. ഏതൊരു പരിപാടി നടപ്പാക്കുമ്പോഴും ലീന ടീച്ചർക്ക് പൂർണ്ണ പിന്തുണയുമായി സുലേഖയും അങ്കണവാടി കമ്മിറ്റിയും രക്ഷിതാക്കളും ഒപ്പമുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായാൽ പോലും കുട്ടികളുടെ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത സുലേഖയുടെ കരുതലും കമ്മിറ്റിയുടെയും രക്ഷിതാക്കളുടെയും ശക്തമായ പിന്തുണയും ഈ വിജയത്തിന് വലിയ കരുത്തായെന്ന് ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.
സ്നേഹപൂർവ്വം ഗുരുദക്ഷിണ
ലീന ടീച്ചറുടെ കരുതൽ ഏറ്റുവാങ്ങിയ പഴയകാല വിദ്യാർത്ഥികൾ ഇന്നും ആ ബന്ധം കാത്തുസൂക്ഷിക്കുന്നു. ഈ ജനുവരിയിൽ ബാങ്ക് മാനേജർമാരായി ജോലി ലഭിച്ച രണ്ട് മുൻ വിദ്യാർത്ഥികൾ അങ്കണവാടിയിലെത്തി ടീച്ചറെ കാണുകയും കുരുന്നുകൾക്കായി ഭക്ഷണവും വസ്ത്രങ്ങളും നൽകുകയും ചെയ്തത് ടീച്ചർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
മറ്റ് അങ്കണവാടികൾക്ക് നൽകാനുള്ള സന്ദേശം:
• അങ്കണവാടി തുറക്കുന്നതിലും ക്ലാസുകൾ തുടങ്ങുന്നതിലും കൃത്യനിഷ്ഠ പാലിക്കുക.
• ഓരോ ദിവസത്തെയും രജിസ്റ്ററുകൾ അതാത് ദിവസം തന്നെ പൂർത്തിയാക്കുക.
• കൈ കഴുകുന്നതിലും ടോയ്ലറ്റിൽ പോകുന്നതിലും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും കുട്ടികളിൽ ഒരു സിസ്റ്റം കൊണ്ടുവരിക.
• മീറ്റിംഗുകളും റിപ്പോർട്ടുകളും ഉണ്ടെങ്കിലും കുട്ടികളുടെ പ്രവർത്തനങ്ങളിൽ 100% ശ്രദ്ധ നൽകുക.
സംസ്ഥാന പുരസ്കാരത്തിന്റെ തിളക്കത്തിലും തന്റെ കുട്ടികൾക്കായി ഓടിയെത്തുന്ന ലീന ടീച്ചറും അവർക്ക് നിഴലായി കൂടെയുള്ള സുലൈഖയും കേരളത്തിലെ മുഴുവൻ അങ്കണവാടി പ്രവർത്തകർക്കും വലിയൊരു മാതൃകയാണ്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

