മയ്യിൽ: മയ്യിൽ – കാഞ്ഞിരോട് റോഡ് നവീകരണത്തിന് ശേഷം കാര്യാംപറമ്പ് കവലയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ശനിയാഴ്ച മാത്രം ഇവിടെ മൂന്ന് അപകടങ്ങളാണ് നടന്നത്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്.
ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാൻസ്ഫോർമർ ഗ്രില്ലും സൂചനാ ബോർഡും തകർത്ത് മറിഞ്ഞു. തലനാരിഴയ്ക്കാണ് കാർ ട്രാൻസ്ഫോർമറിന് മുകളിലേക്ക് വീഴാതിരുന്നത്. വൈകുന്നേരത്തോടെ ഇതേ സ്ഥലത്ത് ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റീജേതസ് ബോഡി വർക്ഷോപ്പ് തൊഴിലാളിയായ മഹേഷിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടപടിയില്ലാതെ അധികൃതർ
റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ അമിതവേഗതയും ശാസ്ത്രീയമല്ലാത്ത റോഡ് നിർമ്മാണവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുൻപും നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. നാട്ടുകാർ മുൻകൈയെടുത്ത് ട്രാഫിക് മിററുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല.
“മയ്യിൽ – കാഞ്ഞിരോട് റോഡിലെ കാര്യാംപറമ്പ് കവലയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കണം.” – എം. സുധാകരൻ (കടയുടമ, കാര്യാംപറമ്പ്)
അപകട മേഖലയിൽ സ്പീഡ് ബ്രേക്കറുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

