കണ്ണാടിപ്പറമ്പ്: നാടിന്റെ ആത്മീയ ചൈതന്യം ഉണർത്തി മാലോട്ട് പുതിയ ഭഗവതി വയൽത്തിറ ഭക്തിസാന്ദ്രമായി സമാപിച്ചു. പാളത്ത് കഴകപ്പുരയിൽ നിന്നും വാദ്യമേളങ്ങളോടെ വാൾ എഴുന്നള്ളിച്ചതിനെത്തുടർന്ന് സന്ധ്യാവേലയും പ്രത്യേക പൂജകളും നടന്നു. പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റവും ഏറെ സവിശേഷതകളുള്ള ‘കാര കൈയേൽക്കൽ’ ചടങ്ങും കാണാൻ നൂറുകണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.
തിളക്കുന്ന എണ്ണയിൽ നിന്നും പ്രസാദമായി അപ്പം വാരി നൽകുന്ന ചടങ്ങ് ഭക്തർക്ക് വിസ്മയമായി. വീരനും വീരാളിയും മെയ്‌വഴക്കത്തിന്റെ നേർക്കാഴ്ചകൾ സമ്മാനിച്ചു. തുടർന്ന് പുതിയ ഭഗവതിയുടെ തിരുമുടി നിവർന്നതോടെ ഭക്തഹൃദയങ്ങൾ കൈലാസേശ്വര പുത്രിയെ വണങ്ങി സായൂജ്യമടഞ്ഞു. പുതിയ ഭഗവതി ഭദ്രകാളിയായി രൗദ്രഭാവം പൂണ്ടപ്പോൾ ഭക്തർ ഭക്തിപുരസ്സരം കൈകൂപ്പി. കരിയടി എന്ന ചടങ്ങോടെ വയൽത്തിറക്ക് ശുഭാന്ത്യമായി. മാങ്ങാട് ഹരിദാസൻ പെരുവണ്ണാനായിരുന്നു കോലധാരി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

