കണ്ണൂർ: പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരമായി വിപണിയിലെത്തുന്ന ബയോ ക്യാരി ബാഗുകളിൽ വ്യാപകമായി വ്യാജൻമാർ ഇറങ്ങുന്നതായി അധികൃതർ. 90 ദിവസം കൊണ്ട് മണ്ണിൽ ലയിച്ചുചേരേണ്ട ബയോ ബാഗുകൾക്ക് പകരം, വ്യാജ ക്യു.ആർ. കോഡുകൾ പതിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളാണ് പലയിടത്തും വിൽക്കുന്നത്. ഇത്തരം വ്യാജന്മാരെ തിരിച്ചറിയാൻ ‘ഡൈ ക്ലോറോ മീഥൈൻ’ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു.
യഥാർത്ഥ ബയോ ബാഗുകൾ ഡൈ ക്ലോറോ മീഥൈൻ ലായനിയിൽ നിക്ഷേപിച്ചാൽ ഉടൻ അലിഞ്ഞുചേരും. എന്നാൽ വ്യാജ ബാഗുകൾ ലയിക്കാതെ അവശേഷിക്കും. ഉത്തരേന്ത്യയിലെ ചില കമ്പനികളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചാണ് വിപണനം നടക്കുന്നത്. ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ യഥാർത്ഥ കമ്പനിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും ഉൽപ്പന്നം വ്യാജമായിരിക്കും.
പൊതുജനങ്ങൾക്കും വ്യാപാരികൾക്കും തങ്ങൾ ഉപയോഗിക്കുന്ന ബാഗുകളെക്കുറിച്ച് സംശയമുണ്ടെങ്കിൽ പരിശോധനയ്ക്കായി ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ എത്തിക്കാം. പരിശോധന സൗജന്യമായിരിക്കുമെന്ന് ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ അറിയിച്ചു.
ലോറിയിൽ കടത്തുകയായിരുന്ന അര ടൺ വ്യാജ ബയോ ബാഗുകൾ പിടികൂടി; വിതരണക്കാരന് പിഴ

കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലോറിയിൽ കടത്തുകയായിരുന്ന 570 കിലോ വ്യാജ ക്യാരിബാഗുകൾ പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിൽ നിന്നും കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനെത്തിയ ‘സലാല ഏജൻസി’യുടെ ലോറിയിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത്.
മട്ടന്നൂർ, പേരാവൂർ, ശിവപുരം, ഇരിട്ടി, ഉളിക്കൽ എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികൾക്ക് നൽകാനായി കൊണ്ടുവരികയായിരുന്നു ഇവ. കൂത്തുപറമ്പിൽ വെച്ച് ലോറി (KL 11 BU 9848) പരിശോധിച്ചപ്പോൾ ഇൻവോയ്സിൽ കിലോഗ്രാമിന് വെറും 60 രൂപ എന്ന് രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. വിപണിയിൽ യഥാർത്ഥ ബയോ ബാഗുകൾക്ക് 130 രൂപ മുതൽ വിലയുള്ളപ്പോഴാണ് ഈ കുറഞ്ഞ നിരക്ക്.
തുടർന്ന് നടത്തിയ ‘ഡൈ ക്ലോറോ മീഥൈൻ’ പരിശോധനയിൽ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. നിയമപ്രകാരമുള്ള ഉൽപ്പാദന വിവരങ്ങളൊന്നും ബാഗുകളിൽ രേഖപ്പെടുത്തിയിരുന്നില്ല. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൂത്തുപറമ്പ് നഗരസഭയുടെ എം.സി.എഫിലേക്ക് മാറ്റി. പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനം വിട്ടുനൽകിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

