കണ്ണൂർ: കേരളത്തിന് പുതുതായി അനുവദിച്ച 06329 നാഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. നോർത്ത് മലബാർ റയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) യുടെ നേതൃത്വത്തിലാണ് റെയിൽ യാത്രക്കാർ ട്രെയിനിനെ സ്വീകരിച്ചത്.
രാത്രി 9.50-ഓടെ കണ്ണൂരിലെത്തിയ ട്രെയിനിനെ മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹാരമണിയിച്ചും യാത്രക്കാർ വരവേറ്റു. ചെന്നൈ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി, കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ, എൻ.എം.ആർ.പി.സി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
പ്രധാന ആവശ്യങ്ങൾ:
അമൃത് ഭാരത് എക്സ്പ്രസ് മലബാറിലെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടണമെങ്കിൽ കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകൾക്ക് പുറമെ ഈ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് ഉണ്ടെങ്കിൽ മാത്രമേ സാധാരണക്കാരായ യാത്രക്കാർക്ക് ഇതിന്റെ പൂർണ്ണ ഗുണം ലഭിക്കൂ എന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
നേതൃത്വം നൽകിയവർ:
ആർട്ടിസ്റ്റ് ശശികല (കോ-ഓർഡിനേറ്റർ), പി. വിജിത്ത്കുമാർ (റെയിൽവേ കൺസൾട്ടേറ്റീവ് അംഗം), രാജു ചാൾസ്, അഹമ്മദ് അഷ്റഫ് പാറക്കണ്ടി, ഗഫൂർ കാവിൻമൂല, പി. അഷറഫ്, കെ. മോഹനൻ, പി.കെ. വത്സരാജ്, സൗമി ഇസബൽ തുടങ്ങിയവർ സ്വീകരണത്തിന് മുന്നിൽ നിന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

