കണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ നടന്നുവരുന്ന പുഷ്പോത്സവ നഗരിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഗ്രീൻ പ്രോട്ടോകോൾ പരിശോധന നടത്തി. പ്രദർശന നഗരിയിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വ്യാജ ബയോ ക്യാരി ബാഗുകളുടെ ഉപയോഗം തടയുന്നതിനുമായിരുന്നു പരിശോധന.
വിപണിയിൽ വ്യാജ ബയോ ക്യാരി ബാഗുകൾ വ്യാപകമായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ക്വാഡ് സ്റ്റാളുകളിൽ പരിശോധന നടത്തിയത്. ശേഖരിച്ച ബാഗുകളുടെ സാമ്പിളുകൾ തൽസമയം ‘ഡൈ ക്ലോറോ മീഥേൻ’ ലായനിയിൽ ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തി. യഥാർത്ഥ ബയോ ബാഗുകൾ ഈ ലായനിയിൽ പൂർണ്ണമായും അലിഞ്ഞുചേരുമ്പോൾ, പ്ലാസ്റ്റിക് അംശമുള്ള വ്യാജ ബാഗുകൾ ലയിക്കാതെ അവശേഷിക്കും.
പരിശോധനയിൽ ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരു സ്ഥാപനത്തിന്റെ സ്റ്റാളിൽ നിന്നും നാമമാത്രമായ അളവിൽ വ്യാജ ബയോ ക്യാരി ബാഗുകൾ കണ്ടെത്തുകയും അവ പിടിച്ചെടുത്ത് കർശന താക്കീത് നൽകുകയും ചെയ്തു.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ:
• മാലിന്യ സംസ്കരണം: ഭക്ഷണ സ്റ്റാളുകളിൽ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കണം.
• മാലിന്യ നീക്കം: ഭക്ഷണ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.
ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാരായ പി.ആർ. സ്മിത, ഡോ. കെ.സി. വത്സല എന്നിവരുടെ മേൽനോട്ടത്തിലാണ് പുഷ്പോത്സവത്തിൽ ഹരിതചട്ടം നടപ്പിലാക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

