kannadiparamba online ✍️
കുറ്റ്യാട്ടൂർ: അറിവിന്റെ വെളിച്ചം പകർന്ന് ഒരു നൂറ്റാണ്ടിലധികം പിന്നിട്ട കുറ്റ്യാട്ടൂർ എ.എൽ.പി. സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് ജനുവരി 21 ബുധനാഴ്ച തുടക്കമാകും. വൈകുന്നേരം 4 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാനും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അച്യുതൻ കെ. അധ്യക്ഷത വഹിക്കും. ചടങ്ങിൽ സ്കൂളിലെ ലൈവ് സ്റ്റുഡിയോ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.പി. റെജി നിർവ്വഹിക്കും. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്കുള്ള ‘ജയാരവം’ അനുമോദന ചടങ്ങ് തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ (AEO) രവീന്ദ്രൻ കെ.കെ. നിർവ്വഹിക്കും. എ. വിനോദ് കുമാർ (HM, ജനറൽ കൺവീനർ) സ്വാഗതം ആശംസിക്കും.
ചരിത്രവഴികളിലൂടെ:
1901 സെപ്റ്റംബർ ഒന്നിന് ചാത്തോത്ത് ചന്തു നമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുറ്റ്യാട്ടൂർ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് ‘കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി. സ്കൂൾ’ എന്നും പ്രാദേശികമായി ‘തുപ്പനിച്ചാൽ സ്കൂൾ’ എന്നും അറിയപ്പെടുന്നു. 1912-ലാണ് സ്കൂൾ ഇന്നത്തെ സ്ഥാനത്തേക്ക് മാറ്റിയത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന നമ്പ്യാർ, കുഞ്ഞുകൃഷ്ണൻ നമ്പ്യാർ തുടങ്ങിയ അധ്യാപകർ ഈ വിദ്യാലയത്തിന്റെ പെരുമ വർദ്ധിപ്പിച്ചിട്ടുണ്ട്. കലിക്കോട്ട് കൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. നിലവിൽ എ.കെ. രമണി ബായ് മാനേജറായ സ്കൂളിൽ പ്രീ-പ്രൈമറി ഉൾപ്പെടെ 250-ഓളം കുട്ടികളുണ്ട്.
നേട്ടങ്ങളുടെ നിറവിൽ:
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സ്കൂൾ വൻ മുന്നേറ്റമാണ് നടത്തുന്നത്. 2025-26 വർഷം സബ്ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടം, ശാസ്ത്രമേളയിൽ റണ്ണറപ്പ്, സ്കൂൾ കലോത്സവത്തിൽ കലാകിരീടം എന്നിങ്ങനെ വൻ നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

