കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്ര വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘2k30- സമഗ്ര’ സ്റ്റേക്ക് ഹോൾഡേഴ്സ് ശില്പശാല നാളെ (ചൊവ്വ) നടക്കും. പകൽ 2.30-ന് കമ്പിൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ശില്പശാല ഉദ്ഘാടനം ചെയ്യും. നാടിന്റെ വികസനത്തിൽ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ ആശയ സംവേദനം നടത്തും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല പഞ്ചായത്തിന്റെ നിലവിലെ സ്ഥിതിവിവര റിപ്പോർട്ട് (Status Report) അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് കെ. വത്സൻ, സെക്രട്ടറി എൻ. ആന്റണി എന്നിവർ സംസാരിക്കും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, കലാ-കായിക-കാർഷിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്ത് തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെക്കും. കൊളച്ചേരി പഞ്ചായത്തിനെ വരും വർഷങ്ങളിൽ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള മാസ്റ്റർ പ്ലാനിന് ഈ ശില്പശാലയോടെ തുടക്കമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

