കോഴിക്കോട്: ബസ്സിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശിയും വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജറുമായ ദീപക്കിനെയാണ് (34) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും ഇതിലൂടെയുണ്ടായ കടുത്ത മാനസിക വിഷമമാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്ക് പോകുന്നതിനിടെ ബസ്സിൽ വെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്നാരോപിച്ച് ഒരു യുവതി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തു. എന്നാൽ, ദീപക് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേവലം ‘കണ്ടന്റ് ക്രിയേറ്റ്’ ചെയ്യാൻ യുവതി നടത്തിയ ശ്രമമാണ് ഇതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
മനോവിഷമത്തിൽ ദീപക്:
ഏഴ് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദീപക്കിനെതിരെ ഇതുവരെ മറ്റ് പരാതികളോ കേസുകളോ ഉണ്ടായിട്ടില്ലെന്ന് ഉടമയും സാക്ഷ്യപ്പെടുത്തുന്നു. വീഡിയോ പ്രചരിച്ചതോടെ താൻ അപമാനിക്കപ്പെട്ടതിൽ ദീപക് വല്ലാതെ തകർന്നുപോയിരുന്നു. ശനിയാഴ്ച രാത്രിയും സുഹൃത്തുക്കളുമായി സംസാരിച്ച ശേഷമാണ് ദീപക് ജീവനൊടുക്കിയത്. ഇന്ന് രാവിലെ വീട്ടുകാർ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരെത്തി വാതിൽ പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൃദ്ധരായ മാതാപിതാക്കളുടെ ഏക അത്താണിയായിരുന്നു ദീപക്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

