kannadiparamba online ✍️
അബുദാബി/ദുബായ്: അബുദാബിയിലെ വാഹനാപകടത്തിൽ പൊലിഞ്ഞ മലയാളി കുടുംബത്തിലെ നാല് കുരുന്നുകൾക്കും ദുബായിൽ അന്ത്യവിശ്രമം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ദുബായ് അൽ ഖിസൈസ് ഖബറിസ്ഥാനിൽ അടുത്തടുത്ത ഖബറുകളിലായി സഹോദരങ്ങളെ ഖബറടക്കി.
നെഞ്ചുലയ്ക്കുന്ന യാത്രാമൊഴി:
അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയുന്ന മാതാവ് റുക്സാനയെ മൃതദേഹങ്ങൾ കാണിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. വീൽചെയറിലെത്തിയ പിതാവ് അബ്ദുൽ ലത്തീഫും പത്തു വയസ്സുകാരിയായ മകൾ ഇസ്സയും ചേർന്ന് നാല് സഹോദരന്മാർക്കും നൽകിയ അന്ത്യചുംബനം കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. ആശുപത്രി ഡയറക്ടർ ഫൈസൽ ഉൾപ്പെടെയുള്ള സ്വദേശി ജീവനക്കാർ പിതാവ് അബ്ദുൽ ലത്തീഫിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോൾ ദുരന്തം:
കോഴിക്കോട് സ്വദേശിയും ദുബായിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുലർച്ചെ നാലോടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തകരുകയായിരുന്നു.
അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി ബുഷറയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ അസാം ബിൻ അബ്ദുല്ലത്തീഫ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് റുക്സാനയുടെ മാതാവ് ഷാഹിദയും ബന്ധുക്കളും നാട്ടിൽ നിന്നും യുഎഇയിൽ എത്തിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

