പുല്ലൂപ്പി: ഗ്രാമത്തിലെ തെരുവ് നായ ശല്യം അതിരൂക്ഷമായതോടെ പുല്ലൂപ്പിയിലെ ജനങ്ങൾ കടുത്ത ഭീതിയിൽ. ഇന്ന് വൈകുന്നേരം 5 മണിയോടെ പുല്ലൂപ്പി 13-ാം വാർഡ് ഭാഗത്ത് ഒരു വ്യക്തിക്ക് തെരുവുനായയുടെ കടിയേറ്റു. അടുത്തിടെ ഒരു കുട്ടിക്കും ഒരു വയോധികയ്ക്കും ഉൾപ്പെടെ രണ്ടുപേരെ നായ്ക്കൾ ആക്രമിച്ചതിനെ തുടർന്നാണ് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിച്ചത്.
പുല്ലൂപ്പിക്കടവ് ഉൾപ്പെടെ നിരവധി പ്രധാന പ്രദേശങ്ങളിലാണ് നായ്ക്കൾ കൂട്ടമായി എത്തുന്നത്. ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന നാട്ടുകാരും ടൂറിസ്റ്റുകളും ‘ആക്രമണം ഒഴിവായത് ഭാഗ്യം’ എന്ന നിലയിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
ശല്യം ഏറ്റവും കൂടുതലുള്ള പ്രധാന മേഖലകൾ:
• പുല്ലൂപ്പി ടൂറിസം പദ്ധതി പ്രദേശം
• പാലം, അഗസ്ത്യമുനി ക്ഷേത്ര പരിസരം
• പാറപ്പുറം
• ദേശീയപാത നിർമ്മാണം നടക്കുന്ന പുല്ലൂപ്പി പുഴയോട് ചേർന്ന മേഖല
മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന കുട്ടികളാണ് ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത്. തെരുവുനായകൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിൽ ചാടി വീഴുന്നത് പതിവായതോടെ അപകടങ്ങൾ വർദ്ധിച്ചു. പ്രഭാതസവാരി നടത്തുന്നവർ ഇപ്പോൾ നായഭീഷണിയെ തുടർന്ന് വടിയെടുത്ത് നടക്കുകയാണ്.
മാലിന്യം തള്ളുന്നത് നായ്ക്കളെ ആകർഷിക്കുന്നു
പാലത്തിന്റെ ഇരു ഭാഗങ്ങളും വിജനമായതിനാൽ ഇവിടെ മാലിന്യം തള്ളുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതുമാണ് നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നതിന് പ്രധാന കാരണം. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ച് നാട്ടുകാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് പുല്ലൂപ്പിയിലെ ജനങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

