സിന്തറ്റിക് ട്രാക്കിൽ ഷൂസ് ധരിക്കാതെ ഓടി; 9 വിദ്യാർഥികൾക്ക് കാലിന് പൊള്ളലേറ്റു

Kannadiparamba online news
Screenshot

തലശ്ശേരി സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിൽ ഉപജില്ലാ കായികമേളയിൽ ഷൂസ് ധരിക്കാതെ ഓടിയ ഒൻപത് വിദ്യാർഥികൾക്ക് കാലിന് പൊള്ളലേറ്റു. പരിക്കേറ്റ വിദ്യാർഥികൾക്ക് തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. മട്ടന്നൂർ ഉപജില്ലാ കായികമേളയിൽ സബ്ജൂനിയർ 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തവർക്കാണ് പൊള്ളലേറ്റത്.

മത്സരശേഷമാണ് കുട്ടികൾക്ക് വേദന അനുഭവപ്പെട്ടത്. ഉടൻ വിദ്യാർഥികളെ ആസ്പത്രിയിലേക്ക് മാറ്റി. സൂര്യകിരൺ (മെരുവമ്പായി യുപി സ്കൂൾ), ആയിഷ ജംഷീർ (വേങ്ങാട് മാപ്പിള യുപി), കെ. ഷിയോണ, കെ.വി. ചൈതന്യ (ശിവപുരം എച്ച്എസ്), പി.പി. ശിവന്യ, ശിവനന്ദ, കെ. മുഹമ്മദ്, ആർ. അഭിനവ് (മുട്ടന്നൂർ യുപി), ആര്യ (മട്ടന്നൂർ ജിയുപി) എന്നിവർക്കാണ് പൊള്ളലേറ്റത്.

ചൈതന്യ ആറാംക്ലാസ് വിദ്യാർഥിയും മറ്റുള്ളവർ ഏഴാംക്ലാസ് വിദ്യാർഥികളുമാണ്. കാലിന് പൊള്ളലേറ്റ വിദ്യാർഥികൾ നിലവിളിച്ചുകൊണ്ടാണ് ആസ്പത്രിയിലെത്തിയത്. ഐസ്‌കട്ട ഉപയോഗിച്ചും മരുന്ന്‌ പുരട്ടിയും കാലിന്റെ വേദന ശമിപ്പിച്ചു.

ഷൂസ് ധരിക്കാതെ എത്തിയവരെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ കഴിയില്ല. അതിനാലാണ് പങ്കെടുപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. മെച്ചപ്പെട്ട നിലയിൽ മത്സരം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മട്ടന്നൂർ ഉപജില്ലാമേള തലശ്ശേരി സിന്തറ്റിക് ട്രാക്കിൽ നടത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. ജൂനിയർ വിഭാഗം കുട്ടികൾക്ക് ഷൂസ് ധരിച്ച് പരിശീലനം നടത്തുന്നില്ല.

ഷൂസ് ധരിച്ച ചില കുട്ടികൾ അഴിച്ചുവെച്ച് ഓടിയതായി എഇഒ സി. ബിന്ദു പറഞ്ഞു. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ധരിച്ച് ഓടണം. ഇല്ലെങ്കിൽ ഉച്ചസമയത്ത് ചൂടിന് കാലിന് പൊള്ളലേൽക്കും. ഇതിന് മുൻപ് ഇത്തരം സംഭവം ഉണ്ടായതായി സ്റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള ടി. ഷബീർ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ഉപജില്ലാ മത്സരത്തിൽ 700 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!