കമ്പിൽ: കമ്പിൽ ടൗണിൽ നിന്ന് ചെറുക്കുന്നിലേക്കുള്ള പ്രധാന റോഡ് തകർന്ന നിലയിൽ തുടരുന്നത് പ്രദേശവാസികളെ വലിയ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഏഴുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് താറിംഗ് നടത്തിയ ഈ റോഡ്, ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിന് ശേഷം ശരിയായ പുനർനിർമ്മാണം നടക്കാതിരുന്നതിനാൽ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
റോഡിന്റെ മധ്യഭാഗം പലിടങ്ങളിലും പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോറിക്ഷകൾ പോലും ചെറുക്കുന്നിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുമെന്ന അവസ്ഥയാണ്.
അനാസ്ഥ
ചെറുക്കുന്ന് – കൂനത്ത് മൂക്ക് അംഗൻവാടി റോഡ് പുനരുദ്ധാരണത്തിന് എം.വി. ഗോവിന്ദൻ മാസ്റ്റർ MLA 15 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് എസ്റ്റിമേറ്റ് എടുത്ത് കരാർ നൽകുകയും, ഫെബ്രുവരിയിൽ എഗ്രിമെന്റ് വെച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം പ്രവൃത്തി എവിടെയും എത്തിയിട്ടില്ല. കോൺക്രീറ്റ് ചെയ്യുന്നതിനായി മണ്ണ് എടുത്തെങ്കിലും മഴയിൽ മണ്ണൊലിച്ച് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. സമീപത്തെ വീടുകളിൽ നിന്നും പുറത്തേക്കുപോവാനും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അമിതചാർജിന് നാട്ടുകാരുടെ പ്രതിഷേധം
റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ മിനിമം ചാർജായ ₹30-ൽ നിന്ന് ₹10 അധികമായി ₹40 ഈടാക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. എന്നാൽ റോഡിന്റെ അപകടാവസ്ഥയും മേയിന്റനൻസ് ചിലവും കാരണമാണ് നിരക്ക് കൂട്ടിയതെന്ന് ഡ്രൈവർമാർ പറയുന്നു.
പൊതുപ്രവർത്തകരുടെ ഇടപെടൽ
കമ്പിൽ – ചെറുക്കുന്ന് ലിങ്ക് റോഡിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് CPI(M) ചെറുക്കുന്ന് ബ്രാഞ്ച് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നും, അമിതചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

