ന്യൂഡൽഹി: പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെ ജയിൽ ശിക്ഷ അനുഭവിച്ചാൽ പദവി നഷ്ടമാകുന്ന ബിൽ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ബിൽ അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തി.
ബില്ലിന്റെ കോപ്പി പോലും നൽകാതെ അടിയന്തരമായി അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷ എം.പിമാർ അമിത് ഷായുടെ നേരെ ബിൽ കീറിയെറിഞ്ഞു. പ്രതിഷേധം ഒരുഘട്ടത്തിൽ കൈയാങ്കളി വരെ എത്തി. ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു.
അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി ഒരു മാസം ജയിലിൽ കഴിയേണ്ടി വരുമ്പോൾ തന്നെ പദവി നഷ്ടമാകുന്ന തരത്തിലാണ് ബിൽ. 21 അംഗ ജോയിന്റ് പാർലമെന്ററി സമിതിക്ക് ബിൽ വിട്ടു.
പ്രതിഷേധത്തിനിടെ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ, ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ അമിത് ഷാ അറസ്റ്റിലായ സംഭവം ഓർമ്മിപ്പിച്ചു. അതിന് മറുപടിയായി കള്ളക്കേസിൽ കുടുങ്ങിയതിനാൽ രാജിവെച്ചെന്നും പിന്നീട് കോടതി കുറ്റവിമുക്തനാക്കിയതിനാലാണ് പദവിയിൽ തിരിച്ചെത്തിയതെന്നും അമിത് ഷാ പറഞ്ഞു.
“രാജ്യത്ത് പൊലീസ് രാജ് കൊണ്ടുവരാനുള്ള നീക്കമാണിത്” എന്ന് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഭരണഘടനയെ തകർക്കുന്ന ബില്ലാണിതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും വിമർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

