മയ്യില്‍: ഒരു വര്‍ഷക്കാലമായി തകര്‍ന്നു വീഴാന്‍ തുടങ്ങിയ പഴശ്ശി കനാലിന്റെ തുരങ്കം പൂര്‍ണമായി തകര്‍ന്നു വീണു. വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതമായി. കൃഷിക്ക് നാശം. ചെറുപഴശ്ശി അരയിടം പാടശേഖരത്തെയും ചാലവയല്‍ പാടശേഖരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന നീരൊഴുക്കുള്ള തുരങ്കമാണിത്. ചെക്കിക്കുളത്തു നിന്നും പെരുമാച്ചേരിയിലേക്ക് പോകുന്ന കനാല്‍ പാത കനത്ത ഭീഷണിയിലായി. കഴിഞ്ഞ ദിവസമാണ് വലിയ ശബ്ദത്തോടെ തുരങ്കം പൊട്ടി വീണതെന്ന് പ്രദേശ വാസിയായ പിട്ടന്‍ രാജേഷ് പറഞ്ഞു. റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
തകര്‍ന്നത് ആറ് പതിറ്റാണ്ട് പഴക്കമുള്ള തുരങ്കം
പഴശ്ശി കനാല്‍ നിര്‍മാണത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച തുരങ്കമാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്. അരയിടത്തു ചിറ ഭാഗത്ത് മണ്ണിട്ടു ഉയര്‍ത്തിയപ്പോഴുണ്ടായ നീരൊഴുക്ക് തടസ്സം നീക്കുന്നതിനായാണ് നിര്‍മാണം. 80 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ഉയരവുമാണിതിനുള്ളത്. തുരങ്കത്തിന്റെ സ്ലാബ് തകര്‍ന്നതോടെ കനാലിന്റെ അരികുകളിലെ മണ്ണ് ഇടിഞ്ഞ് വീണ്് ചാലവയല്‍ പാടശേഖരത്തിലേക്കാണൊഴുകുന്നത്.
വർഷങ്ങളായി തുടരുന്ന അപകടഭീഷണി
കഴിഞ്ഞ ഒരു വർഷമായി തുരങ്കത്തിൽ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടിരുന്നുവെന്നുമാണ് പൊതു പ്രവർത്തകൻ വി.വി. ബിജു പറഞ്ഞു. നേരത്തെ പഴശ്ശി ജലസേചന വകുപ്പ് നടത്തിയ പരിശോധനയിൽ, വലിയ അടിയന്തിരം ആവശ്യമായ ഘടനാ തകരാർ കണ്ടെത്തിയിരുന്നെങ്കിലും ഫണ്ടിന്റെ അഭാവം മൂലം ഇടപെടൽ ഉണ്ടായില്ല.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, നബാർഡ് സഹായം തേടുന്നു
തുരങ്കം തകർന്ന പ്രദേശം പഴശ്ശി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജയരാജ്, അസിസ്റ്റന്റ് എഞ്ചിനീയർ പി.വി. മഞ്ജുള, സുശീലദേവി, കൊമ്പൻ ശ്രീജ തുടങ്ങിയവർ ചേർന്നാണ് സ്ഥിതി വിലയിരുത്തിയത്.
ഉദ്യോഗസ്ഥർ തുരങ്കം പൂർണ്ണമായും പൊളിച്ചു മാറ്റണം എന്നും, ഒരു കോടി രൂപയുടെ ഡിപിആർ തയ്യാറാക്കി നബാർഡിന്റെ സഹായത്തോടെ പുതിയ തുരങ്കം നിർമ്മിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തും.
നിരവധി പേരുടെ കൃഷി, ഗതാഗത തടസ്സം എന്നിവ അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായതിനാല്‍ എം.എല്‍.എ., എം.പി. ഫണ്ടുകള്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ ശ്രമം നടത്തും.
കെ.കെ. റിജേഷ്
പൊതു പ്രവര്‍ത്തകന്‍, ചെറുപഴശ്ശി.
പ്രതികരണങ്ങൾ
🔸 “അരയിടം പാടശേഖരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി അഥ്യാവശ്യമാണ്. രണ്ടാം വിള നെല്‍ക്കൃഷിക്ക് ഒരുങ്ങുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്..”
– പി. കുഞ്ഞിക്കണ്ണൻ, പ്രസിഡന്റ്, അരയിടം പാടശേഖരം
🔸 “തുരങ്ക തകർന്നതിലൂടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം. ഏറെ നാളായി പരാതിപ്പെടുന്ന വിഷയമാണിത്..”
– ടി.കെ. ബാലകൃഷ്ണൻ, മുൻ MD, മയ്യിൽ അരി ഉൽപ്പാദക കമ്പനി


തകർന്ന തുരങ്കം പരിശോധിക്കുന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും, പാടശേഖരത്തിൽ രൂപപ്പെട്ട വലിയ ഗർത്ഥം പരിശോധിക്കുന്ന പഞ്ചായത്ത് പ്രസിഡന്റും കർഷകരും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

