തോർത്തുകെട്ടി ആടുന്നതിനിടെ കഴുത്തിൽക്കുരുങ്ങി വിദ്യാർഥി മരിച്ചു

kpaonlinenews

കോട്ടയം ▾

സഹോദരിയോടൊപ്പം വീടിനുള്ളിൽ കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെയും റോഷിനിയുടെയും മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. ഇവർ തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം.

തുണിയിടുന്ന അയയിൽ തോർത്ത് കെട്ടിയാടുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു . ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്‌സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കിരൺ. സഹോദരി കൃഷ്ണപ്രിയയുമുണ്ട്. മൃതദേഹം സംസ്‌കരിച്ചു.

തിടനാട് പോലീസ് മേൽനടപടി സ്വീകരിച്ചിരിക്കുകയാണ്. അതിനിടെ കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് തിടനാട് എസ്എച്ച്ഒ പി.ശ്യാം പറഞ്ഞു.

Share This Article
error: Content is protected !!