മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യ ഹൈക്കോടതിയിലേക്ക്; തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം

kpaonlinenews

കണ്ണൂർ: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്.

ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.

അതേസമയം തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Share This Article
error: Content is protected !!