അബുദാബി: അറേബ്യൻ പെനിന്‍സുലയില്‍ കടുത്ത വേനൽക്കാലം തുടങ്ങി. അതിതീവ്ര വേനൽക്കാലമായി അറിയപ്പെടുന്ന ജംറത് അൽ ഖൈദ് സീസൺ ആരംഭിച്ചു. പ്രദേശം ഇനി വളരെ ഉയർന്ന താപനില, വരൾച്ചയ്ക്ക് സമാനമായ കാലാവസ്ഥ, കൊടും ചൂട് എന്നിവയ്ക്കാണ് സാക്ഷ്യം വഹിക്കുക. ജൂലൈ 3-ാം തീയതി വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ ആകാശത്ത് ജെമിനി നക്ഷത്രത്തിലെ ആദ്യ നക്ഷത്രം പ്രത്യക്ഷപ്പെട്ടപ്പോൾ ഔദ്യോഗികമായി ഈ സീസൺ ആരംഭിച്ചു. ഇത് ഗൾഫ് മേഖലയിൽ വർഷത്തിലെ ഏറ്റവും ചൂടുള്ള കാലഘട്ടം തുടങ്ങുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു. ജംറത് അൽ ഖൈദ് കാലഘട്ടം സാധാരണയായി അത്യന്തം വരളച്ചതും കൊടും ചൂടേറിയ മരുഭൂമി കാറ്റുകളായ ‘സമൂം കാറ്റുകൾ’ വീശുന്ന കാലഘട്ടമാണ്. ചില മരുഭൂമി പ്രദേശങ്ങളിൽ പകൽസമയത്ത് താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുട്ടുപൊള്ളിക്കുന്നതുമായ വരണ്ട കാറ്റും അനുഭവപ്പെടും.
താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കും; യുഎഇയിൽ ഇനി കൊടും വേനൽക്കാലം
