വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം

Kannadiparamba online news

ന്യൂ​ഡ​ൽ​ഹി: വിവാദമായ വ​ഖ​ഫ് ദേ​ഭ​ഗ​തി ബി​ൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി വകുപ്പ് മ​ന്ത്രി കൂ​ടി​യാ​യ ന്യൂ​ന​പ​ക്ഷ കാര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ അവതരണം. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും.

ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. യഥാർഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിക്ക് ബില്ലിൽ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. പ്രതിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമാണ് ബിൽ ജെ.പി.സിക്ക് വിട്ടത്. കമ്മിറ്റി അവരുടെ നിർദേശങ്ങൾ അറിയിച്ചു. മന്ത്രി റിജിജു അത് സഭയിലെത്തിച്ചു. ഞങ്ങളുടെ കാലത്തെ ജെ.പി.സികൾ തലച്ചോർ ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസ് കാലത്തേത് പോലെ വെറുതേ റബ്ബർ സ്റ്റാമ്പായി പ്രവർത്തിക്കുകയല്ല -അമിത് ഷാ പറഞ്ഞു.

നിലവിൽ 542 എം.പിമാരുള്ള ലോക്സഭയിൽ 272 എം.പിമാരുടെ പിന്തുണ മതി ബിൽ പാസാക്കാൻ. എന്നാൽ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ 293 എം.പിമാരുണ്ട്. ഇൻഡ്യ സഖ്യത്തിന് 238 എം.പിമാരാണുള്ളത്. മുസ്‍ലിം വോട്ടർമാരെ പൂർണമായും കൈവിടാനാവില്ലെന്ന് കരുതുന്ന എൻ.ഡി.എ സഖ്യകക്ഷികളിൽ തെലുഗുദേശം പാർട്ടിക്ക് 16ഉം ജനതാദൾ യുവിന് 12ഉം എൽ.ജെ.പി (രാം വിലാസ്)ക്ക് അഞ്ച് എം.പിമാരുമാണ് ലോക്സഭയിലുള്ളത്. ഇവർ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സർക്കാർ.

മു​സ്‍ലിം സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ക​ടു​ത്ത പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെയാണ് ബിൽ ലോ​ക്സ​ഭ​യി​ൽ കൊണ്ടുവന്നിരിക്കുന്നത്. ബു​ധ​നാ​ഴ്ച​ത​ന്നെ ബി​ൽ ചർച്ച നടത്തി ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വി​ടാനാണ് കേന്ദ്ര നീക്കം. 

12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തിൽനിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!