വളരെ കുറച്ച് ഭക്ഷണം മാത്രം, യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ചു; ദിവസങ്ങളോളം ആശുപത്രിയിൽ,കണ്ണൂർ സ്വദേശിനിയുടെ മരണം ആമാശയം ചുരുങ്ങി

kpaonlinenews

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി മരിച്ചത് യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച്. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തിൽ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനന്ദയെ പിന്നീട് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. 

ശ്രീനന്ദയുടെ അച്ഛന്‍: ആലക്കാടന്‍ ശ്രീധരന്‍. അമ്മ: എം. ശ്രീജ (മെരുവമ്പായി എം.യു.പി സ്‌കൂള്‍ ജീവനക്കാരി). സഹോദരന്‍: യദുനന്ദ്.

Share This Article
error: Content is protected !!