കെ.കെ. ശൈലജയും എം.വി. ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ; സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

kpaonlinenews

കൊല്ലം: കണ്ണൂരിൽനിന്നുള്ള പ്രതിനിധികളുടെ അപ്രമാദിത്വവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍നിന്നുള്ള അഞ്ച് പ്രതിനിധികളുണ്ട്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹന്‍, സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. 

17 അംഗ സെക്രട്ടറിയേറ്റില്‍ അഞ്ചുപേരാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവയാണ് സെക്രയേറ്റ് അംഗങ്ങളായ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. മുന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയിരിക്കുന്നത്. 

ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി.ജയരാജന്‍, സി.എന്‍.മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വരും. സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എ.വി. റസ്സല്‍ മരിച്ചതിനെ തുടര്‍ന്ന് ഈ ജില്ലയിലും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

മുതിര്‍ന്ന നേതാവായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍, വയനാട്, കാസര്‍കോട് ജില്ലയിലെ നേതാക്കള്‍ക്കും സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയില്‍നിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, ദേശാഭിമാനി എഡിറ്റര്‍ ദിനേശന്‍ പുത്തലത്ത് എന്നീ നേതാക്കളാണ് സെക്രട്ടറിയേറ്റിലുള്ളത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പത്തനംതിട്ട ജില്ലയില്‍നിന്ന് തോമസ് ഐസക്, ആലപ്പുഴയില്‍നിന്ന് സജി ചെറിയാന്‍, കോട്ടയത്തുനിന്ന് മന്ത്രി വി.എന്‍.വാസവന്‍, ഇടുക്കിയില്‍നിന്ന് കെ.കെ.ജയചന്ദ്രന്‍, എറണാകുളത്തുനിന്ന് മന്ത്രി പി.രാജീവ്, സി.എന്‍.മോഹന്‍, പാലക്കാടുനിന്ന് പി.കെ.ബിജു, മലപ്പുറത്തുനിന്ന് എം.സ്വരാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത്.

Share This Article
error: Content is protected !!