ശ്രീകണ്ഠപുരം : മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് മോടി കൂടുന്നു. അടിസ്ഥാനസൗകര്യ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു.
പാലക്കയംതട്ടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ. ബജറ്റ് ചർച്ചയിലെ പ്രസംഗത്തിലും മന്ത്രിയെ നേരിൽക്കണ്ട് കത്ത് മുഖേനയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക വകയിരുത്തിയത്.
നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തതമൂലം സഞ്ചാരികൾ ഏറെ പ്രയാസം നേരിടുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രണ്ടുവർഷം മുൻപുവരെ ജില്ലയിൽ ഏറ്റവുംകൂടുതൽ സഞ്ചാരികളെത്തിയത് പാലക്കയംതട്ടിലായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 3500-ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്താണ് പാലക്കയംതട്ട് സ്ഥിതിചെയ്യുന്നത്. മഞ്ഞും മഴയും ചേർന്നൊരുക്കുന്ന മനോഹര കാഴ്ചകളുള്ള ഇവിടെ കഴിഞ്ഞ കുറച്ചു നാളുകളായി അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാലും മറ്റ് വിനോദ സാമഗ്രികൾ നശിച്ചതിനാലും ആളുകളെത്തുന്നത് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇരിക്കൂറിലെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാവുന്ന പുതിയ പ്രഖ്യാപനം വന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

