ചാല ടാങ്കർ ദുരന്തത്തിന് 13 വർഷം

kpaonlinenews

ചാല : ചാലയിലെ പാചകവാതക ടാങ്കർ ദുരന്തത്തിന് ചൊവ്വാഴ്ച 13 വർഷം പൂർത്തിയാകുന്നു. 2012 ഓഗസ്റ്റ് 27-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മംഗളൂരുവിൽനിന്ന് പാചകവാതകവുമായി വന്ന ടാങ്കർ ലോറി ചാല ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സുരക്ഷാ വാൾവിലൂടെ പാചകവാതകം ചോർന്നു. ഉടൻ ഡ്രൈവർ കാബിനിൽനിന്നിറങ്ങി സമീപത്തെ വീട്ടുകാരെ മുഴുവൻ വിവരമറിയിച്ച്‌ രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. കുറെപേർ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ടാങ്കർ പൊട്ടിത്തെറിച്ച് പ്രദേശം മുഴുവൻ തീ പടർന്നു. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും കത്തിനശിച്ചു. നിരവധി വളർത്തുമൃഗങ്ങളും ചാമ്പലായി.

20 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഒരു ദിവസം കൊണ്ടായിരുന്നില്ല മരണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഓരോ ദിവസവും ഒന്നും രണ്ടുപേർ തുടർച്ചയായി മരണത്തിന് കീഴടങ്ങുകയായിരുന്നു. നാലുപേർ മരിച്ച വീടുകൾളും ഉണ്ടായിരുന്നു. മിക്ക വീടുകളിലും ഒന്നും രണ്ടും പേർ മരണത്തിന് കീഴടങ്ങി. പൊള്ളലേറ്റ് കഷ്ടപ്പാട് അനുഭവിച്ചവർ നിരവധിയാണ്.

ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിൽ സ്ഥാപിച്ച അരമീറ്ററോളം ഉയരമുള്ള കോൺക്രീറ്റ് ഡിവൈഡറുകൾ നിരവധി അപകടങ്ങൾ വരുത്തിവെച്ചിരുന്നു. ടാങ്കർ ദുരന്തത്തെ തുടർന്ന് റോഡ് അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഡിവൈഡർ കുത്തിപ്പൊളിച്ചു. ദുരന്തം നടന്ന് പതിമൂന്ന് വർഷം പൂർത്തിയായി. പല മാറ്റങ്ങളും ചാലയിലുണ്ടായി. അപകടം നടന്ന സ്ഥലത്ത് കൂടിയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ഇതിനായി മേൽപ്പാലം നിർമിച്ചു.

Share This Article
error: Content is protected !!