കണ്ണൂർ:-കക്കാട് ,അത്യാധുനീക രീതിയിൽ കക്കാട് പുഴയോരത്ത് കോടികൾ ചിലവഴിച്ച് നിർമിച്ച നീന്തൽക്കുളം നോക്കുകുത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു.വർഷാവർഷം പുഴനിറഞ്ഞ് കുളത്തിലേക്ക് ചളിയും മാലിന്യവും കയറുകയാണ്. കുളത്തിൽ പാകിയ ടൈലുകൾ ഇളകി സുരക്ഷവേലിയും തകർന്ന് കന്നുകാലികൾക്കും സാമൂഹിക വിരുദ്ധർക്കും താവളമായി. പ്രളയത്തിൽ മലിനജലം കയറി ലക്ഷങ്ങൾ മുടക്കി പണിത അത്യാധുനിക പ്ലാന്റ് മുഴുവനായും നശിച്ചു.
പരാതികൾക്കൊടുവിൽ കക്കാട് നീന്തൽക്കുളത്തിന്റെ ശോച്യാവസ്ഥ സ്പോർട്സ് ഡയറക്ടറേറ്റ് പരിശോധിച്ച് മൂന്നു കോടി രൂപ ചെലവിട്ട് പുനർനിർമാണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നുമായില്ല. ഇതോടെ നീന്തൽക്കുളം വെള്ളത്തിലാകുമെന്നുറപ്പായി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താൻ പദ്ധതിയുണ്ടെന്ന് സ്പോർട്സ് കൗൺസിൽ നേരത്തേ പറഞ്ഞെങ്കിലും പാഴ് വാക്കായി. കുളത്തിൽ മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. വെള്ളത്തിൽ ആകെ പായലും പൂപ്പലും നിറഞ്ഞിരിക്കുക യാണ് ‘വർഷംതോറും വെള്ളപ്പൊക്കത്തിൽ പുഴയിൽനിന്ന് മലിനജലം കയറുന്നതിനാൽ അസ്സഹനീയമായ നാറ്റമാണ് പരിസരത്ത്. ഇത്തവണയും ചളിവെള്ളം കയറി. പരിശീലനം നടത്തുന്നവർക്ക് വസ്ത്രം മാറാനുള്ള മുറികളും വാതിലുകളും ശൗചാലയവും നശിച്ചു. ആളൊഴിഞ്ഞതോടെ വാഷ്ബേസിനും ക്ലോസറ്റുമെല്ലാം സാമൂഹിക വിരുദ്ധർ തകർത്തു.
🌑
അന്നേ പറഞ്ഞിരുന്നു…
നീന്തൽ പരിശീലനത്തിനായി 1.04 കോടി രൂപ ചെലവിൽ സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോർട്ട് കൗൺസിലും ചേർന്ന് 2018ലാണ് അത്യാധുനിക നീന്തൽകുളം നിർമിച്ചത്. കക്കാട് പുഴയിൽനിന്നും വെള്ളം കയറുന്നിടത്ത് ലക്ഷങ്ങൾ മുടക്കിയുള്ള നീന്തൽകുളം നിർമാണം വിജയിക്കില്ലെന്ന് കായികപ്രേമികളും, നാട്ടുകാരും തുടക്കത്തിലേ പറഞ്ഞിരുന്നുവെങ്കിലും ഇതൊന്നും വകവെക്കാതെയായിരുന്നു കുളമൊരുക്കിയത്.
മേയ് ഏഴിനാണ് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നീന്തൽക്കുളം നാടിന് സമർപ്പിച്ചത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്താണ് കുളവും കോംപ്ലക്സും നിർമിച്ചത്. ആറ് ട്രാക്കുകളിൽ 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ളതാണ് കുളം.
തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നീന്തൽക്കുളത്തിൽനിന്നും നിരവധി കുട്ടികളാണ് പരിശീലനം നേടിയത്. സ്പോർട്സ് കൗൺസിലിനും വേണ്ടാതായതോടെയാണ് നീന്തൽക്കുളം നശിക്കുന്നത്. രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഇതിനായുള്ള വിളക്കുതൂണുകൾ നിലംപൊത്തിത്തുടങ്ങി. കുളവും പരിസരവും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കിയിരിക്കുകയാണ്. കുളത്തിന്റെ പരിസരങ്ങളിലും ഡ്രസ്സിങ് റൂമുളിലും ശൗചാലയത്തിലുമെല്ലാം കന്നുകാലികൾ തമ്പടിച്ചിരിക്കുന്നു. മുറികളിലടക്കം ചാണകമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ കുളവും കോംപ്ലക്സും മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരക്കാരൻ്റെ നികുതി പണമാണ് ഇത്തരത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

