പി. സുരേന്ദ്രൻ മാസ്റ്റർക്ക് കൊളച്ചേരി ഗ്രാമ പ്രതിഭാപുരസ്കാരം

Kannadiparamba online news

കൊളച്ചേരി: കെ.എസ് ആൻ്റ് എ.സി പ്രസിഡൻ്റായിരുന്ന കെ.വി രവീന്ദ്രൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരത്തിനായി കൊളച്ചേരിപ്പറമ്പിലെ പി.സുരേന്ദ്രൻ മാസ്റ്റരെ തെരഞ്ഞെടുത്തു. കായിക മേഖലയിലെ സംഭാവനകൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. ഫുട്ബാൾ കളിക്കാരൻ,നിരവധി ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച നാഷനൽ ഫുട്ബാൾ റഫറി , ഫുട്ബാളിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോച്ച് എന്നീ നിലകളിലെല്ലാമുള്ള മാഷിൻ്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. പത്തിലധികം നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് അവാർഡ് നിർണയിച്ചത്. ജൂറി ചെയർമാൻ കെ എം.നാരായണൻ മാസ്റ്റർ അധ്യക്ഷനായി. ഇ .ഷഫീഖ് (പി.ഇ. ടി), വി.വി. ശ്രീനിവാസൻ, രമേശൻ നണിയൂർ, വിജേഷ് നണിയൂർ,രജിത്ത്. എ.വി തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 24 ന് കരിങ്കൽക്കുഴിയിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പുരസ്കാരം നൽകും.

ഫുട്ബാൾ ജീവിതവ്രതമാക്കിയ സുരേന്ദ്രൻ മാസ്റ്റർ.


ഹൈസ്കൂൾ സയൻസ് അധ്യാപകനും എ. ഇ. ഒ യുമായിരുന്നെങ്കിലും സുരേന്ദ്രൻ മാഷെ ക്കുറിച്ച് എല്ലാവരുടെയും ധാരണ കായികാധ്യാപകനാണെന്നാണ്. കായികാധ്യാപക തസ്തികയിൽ നിയമനമില്ലാത്ത കാലത്ത് ആ ഉത്തരവാദിത്തവും മാഷ് സ്വയം ഏറ്റെടുത്തു. അധ്യാപകജോലി കൃത്യമായി നിർവഹിച്ചു കഴിഞ്ഞാൽ മാഷ് എന്നും കളിക്കളത്തിലാണ്. പുലർച്ചെ നാലു മണിക്കുണർന്ന് കരിവെള്ളൂർ അടക്കമുള്ള ദൂരസ്ഥലങ്ങളിൽ ബൈക്കോടിച്ച് പോയി ഫുട്ബാൾ കോച്ചിംഗ് കഴിഞ്ഞ് കൃത്യസമയത്ത് കണ്ണാടിപ്പറമ്പിലുള്ള സ്കൂളിലെത്തി ക്ലാസെടുത്ത്, സ്കൂൾ ഗ്രൗണ്ടിലും വൈകുന്നേരം നാട്ടിലെ മൈതാനത്തും കുട്ടികൾക്ക് കോച്ചിംഗ് നൽകി, അതുകഴിഞ്ഞ് രാത്രികളിൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയങ്ങളിൽ ടൂർണമെൻ്റുകളിൽ റഫറിയായി തിരക്കുപിടിച്ച വിശ്രമമറിയാത്ത ജീവിതം.
പഴയ ഹാൻ്റ്ബാൾ കളിക്കാരി കൂടിയായ അമ്മ പി. നാരായണിയിൽ നിന്നും ജന്മനാ പകർന്നു കിട്ടിയതാണ് ഈ താല്പര്യമെന്ന് മാഷ് പറയുന്നു. സഹോദരങ്ങൾക്കും കായിക മേഖലയോട് വലിയ ഇഷ്ടമാണ്. സഹോദരി പി.സുലോചന സ്കൂൾ അത്‌ലറ്റിക്സിൽ ജില്ലാതലത്തിൽ ചാമ്പ്യനായിരുന്നു. അച്ഛനും കമ്പിൽ ഹൈസ്കൂൾ അധ്യാപകനും പൊതുപ്രവർത്തകനുമായ എം. കെ. രാമുണ്ണി മാഷിൻ്റെ പ്രോത്സാഹനവുമുണ്ടായിരുന്നു. ചേലേരി യുപിസ്കൂളിൽ പഠിക്കുമ്പോഴാണ് ഫുട്ബാൾ കമ്പം തുടങ്ങുന്നത്. അന്ന് ഒരു രൂപ പത്ത് പൈസയ്ക്ക് കിട്ടുന്ന റബറിൻ്റെ ബാളാണ്. കുട്ടികളിൽ നിന്ന് പിരിവെടുത്ത് ബാൾ വാങ്ങും. ഇടവേളകളിലെല്ലാം കളി തന്നെ. വിശപ്പ് പോലും അവഗണിച്ച് വെള്ളം മാത്രം കുടിച്ചുള്ള കളി. വീട്ടിലേക്ക് പോവുമ്പോഴും രാവിലെ സ്കൂളിലേക്ക് വരുമ്പോഴും ബാൾ തട്ടി കൊണ്ടാണ് സഞ്ചാരം . ഒരു ശനിയാഴ്ച അവധിയാണെന്നോർക്കാതെ ബാൾ തട്ടിക്കൊണ്ട് രാവിലെ പുറപ്പെട്ടു. വഴിയിൽ വെച്ച് ഒരാൾ ചോദിച്ചപ്പോഴാണ് ബോധം വന്നത്. പ്രചോദനമേകിയ ചേലേരി സ്കൂളിലെ എം. അനന്തൻ മാസ്റ്റരെ ഓർക്കുന്നു.
കണ്ണാടിപ്പറമ്പ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ റൈസിംഗ് സ്റ്റാർസ് എന്ന ക്ലബ്ബിനു വേണ്ടി ടൂർണമെൻ്റുകളിൽ കളിക്കാൻ തുടങ്ങി. മുതിർന്നവർക്കൊപ്പം ഒരു ഒമ്പതാം ക്ലാസുകാരൻ പയ്യൻ. കണ്ണൂർ ലീഗിൽ ഒരു കളി പോലും തോൽക്കാതെ ഒരു ഗോൾ പോലും വാങ്ങാതെ നേടിയ ജയം ഇപ്പോഴും റെക്കോർഡ് ആണ്. ക്ലബ്ബിൻ്റെ മുഖ്യ സംഘാടകനായ പി.വി. ബാലകൃഷ്ണൻ്റെ പ്രേരണയിലാണ് റഫറി ടെസ്റ്റ് എഴുതി പാസായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!