കേരളത്തില്‍ വീണ്ടും നിപ മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു,

Kannadiparamba online news

കോഴിക്കോട്‌: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

12 ദിവസങ്ങള്‍ക്ക്‌ മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയിലേക്ക് മാറ്റിയത്. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.

മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023-ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!