കണ്ണൂർ : ജില്ലയിൽ വനിതാകമ്മിഷന്റെ മുൻപിൽ വരുന്ന പരാതികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന് വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു.
വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ജാഗ്രതാസമിതികളുടെ സജീവമായ ഇടപെടലുകളിലൂടെ പരാതികൾ താഴെ തലത്തിൽതന്നെ ജില്ലയിൽ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തുകയാണെങ്കിൽ കമ്മിഷന്റെ മുൻപിലെത്തുന്ന പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സാധിക്കുമെന്നും കണ്ണൂരിൽ നടന്ന സിറ്റിങ്ങിന് ശേഷം അധ്യക്ഷ പറഞ്ഞു.
കൂടുതൽ പരാതികളും ഗാർഹികപീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഭാര്യയെ മൃഗീയമായി തല്ലുകയും പീഡനങ്ങൾക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങൾ ജില്ലയുടെ ചില ഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും പോലീസിനോട് കമ്മിഷൻ നിർദേശിച്ചു. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. തൊഴിലിടങ്ങളിൽ നിയമപ്രകാരമുള്ള പരാതിപരിഹാര സംവിധാനം ശക്തിപ്പെടുത്തണം -സതീദേവി പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ ആകെ പരിഗണിച്ച 62 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. നാല് പരാതി പോലീസിന്റെ റിപ്പോർട്ടിനും രണ്ട് പരാതി ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനുമായി അയച്ചു.
42 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. വനിതാകമ്മീഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ, അഭിഭാഷകരായ കെ.എം.പ്രമീള, ചിത്തിര ശശിധരൻ, കൗൺസലർ മാനസ ബാബു, പോലീസ് ഉദ്യോഗസ്ഥ ടി.വി.പ്രിയ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

