കാഞ്ഞങ്ങാട്: ഗൂഗിൾ മാപ്പു നോക്കി യുവാക്കൾഓടിച്ച കാർ വനത്തിനകത്തെ പുഴയിൽ മുങ്ങി. കാറിനുള്ളിലുണ്ടായിരുന്ന കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ബന്തടുക്ക കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേക്ക് വനത്തിനകത്തു കൂടി റോഡിൽ സഞ്ചരിച്ച യുവാക്കൾ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടത്തിൽപ്പെട്ടത്. കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാഞ്ഞങ്ങാട് അമ്പലത്തറ ഏഴാംമൈൽ സ്വദേശികളായ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ പെരിയ മുനമ്പം ഹൗസിലെ അബ്ദുൽ റഷീദ് (35) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കൈവരിയില്ലാത്ത പാലത്തിനു മുകളിലൂടെ കനത്ത മഴയിൽ വെള്ളം കര കവിഞ്ഞൊഴുകുകയായിരുന്നതിനാൽ കൈവരി ഇല്ലാത്ത കാര്യം മനസ്സിലാക്കാൻ യുവാക്കൾക്ക് കഴിഞ്ഞില്ല. പുഴയിലേയ്ക്കു തെന്നി വീണ കാർ പൂർണ്ണമായും മുങ്ങിപ്പോയി. ഇതിനിടയിൽ അത്ഭുതകരമായി പുറത്തു കടന്ന യുവാക്കൾ
പുഴയിലെ ഒരു മരത്തിൽ പിടിച്ചു നിന്ന ശേഷം പോലീസിൽ വിവരമറിയിക്കുക യായിരുന്നു. തുടർന്ന് കുറ്റിക്കോലിൽ നിന്നു ഫയർഫോഴ്സും ആദൂർ പോലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച യുവാക്കൾ പാലത്തിൽ നിന്നും വീണ് പുഴയിൽ ഒഴുക്കിൽപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു.
