സ്വന്തം റിപ്പോർട്ടർ ✍️
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിക്കടവ് പരിസരപ്രദേശത്തെ ഉപ്പുവെള്ള പ്രശ്നത്തിൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു കാലത്ത് നെൽകൃഷികളാലും പച്ചപ്പിനാലും സമൃദ്ധമായിരുന്ന ഇവിടം ഇന്ന് ഉപ്പുവെള്ളം കയറി പൂർണ്ണമായും നശിച്ചിരിക്കുകയാണ്. നെൽകൃഷി മുതൽ തെങ്ങുകൾ അടക്കം നിറഞ്ഞുപന്തലിച്ചിരുന്ന അടുത്ത പ്രദേശമായ ചുള്ളേരി വയൽ ഇന്ന് തരിശുഭൂമിയാണ്. മാത്രമല്ല, പരിസരപ്രദേശത്തുകാർക്ക് കുടിക്കാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കും ഒരിറ്റു വെള്ളം പോലും ഉപയോഗിക്കാനാവാത്തത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. മാത്രമല്ല, ഇതുമൂലം ഇവിടെ കാടുകയറി ചെളിപ്രദേശമായതിനാൽ പന്നി ശല്യവും രൂക്ഷമാണ്.
ഉപ്പുവെള്ള പ്രശ്നം പരിഹരിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ പദ്ധതി ടെൻഡർ ചെയ്ത് കരാറുകാരനെ ഏൽപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പ്രവർത്തിയിലെ ബുദ്ധിമുട്ട് കാരണം കരാറുകാരൻ പിന്മാറുകയായിരുന്നുവെന്ന് നാറാത്ത് ഗ്രാമ പഞ്ചായത്ത് അധികൃതർ ‘കണ്ണാടിപ്പറമ്പ് ഓൺലൈൻ’ ന്യൂസിനോടു പറഞ്ഞു. തുടർന്ന് എം.എൽ.എ, നാറാത്ത് – ചിറക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ആറു മാസം മുമ്പ് പ്രശ്നബാധിത സ്ഥലം സന്ദർശിക്കുകയും പദ്ധതി റീ-ടെൻഡർ ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇപ്പോഴും ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പഞ്ചായത്ത് വൃത്തങ്ങൾ പറഞ്ഞു.
കാട്ടാമ്പള്ളി പുഴയിലെ ചെമ്മീൻ-ഞണ്ട് കൃഷിയുടെ പേരു പറഞ്ഞാണ് ഷട്ടർ തുറന്ന് ഉപ്പുവെള്ളം കയറ്റിവിട്ടത്. എന്നാൽ പുല്ലൂപ്പി പ്രദേശത്ത് കയറിയ വെള്ളം പിന്നീട് ഇവിടുത്തെ നാട്ടുകാർക്ക് തീരാദുരിതം സമ്മാനിക്കുകയായിരുന്നു. പ്രസ്തുത പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, എം.എൽ.എ എന്നിവർക്കൊക്കെ പരാതി നൽകിയിട്ടും വാഗ്ദാനമല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണവും എം.എൽ.എമാരും തങ്ങളെ പൂർണ്ണമായും അവഗണിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കൃഷിക്ക് വെള്ളം ലഭിക്കാൻ 1957-ൽ ആരംഭിച്ച കാട്ടാമ്പള്ളി പദ്ധതി നാശത്തിന്റെ വക്കിലാണ്. ഷട്ടർ വഴി വെള്ളം തുറന്നുവിടുന്നില്ല. കാലപ്പഴക്കത്താൽ റഗുലേറ്ററുകൾ, ഒപ്പമുള്ള ഷട്ടറുകൾ എന്നിവ ദ്രവിച്ച് തീരുകയാണ്. ഒൻപത് വർഷത്തിന് ശേഷം 1966-ലാണ് ഇത് പ്രവർത്തനക്ഷമമായത്. ആ സമയം നിരവധി കർഷകർ വളപട്ടണം പുഴയിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഷട്ടറുകൾ നശിച്ച് പ്രവർത്തനക്ഷമമല്ലാതായതോടെ ശുദ്ധജല റിസർവോയറിൽ പുഴയിലെ ഉപ്പുവെള്ളം കൂടി കലർന്ന് നാശമായി. .കാട്ടാമ്പള്ളി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി നാറാത്ത്, കൊളച്ചേരി, മുണ്ടേരി തുടങ്ങിയ പഞ്ചായത്തുകളിൽ കൃഷിനാശം വ്യാപകമാണ്. പുഴയോടു ചേർന്ന പ്രദേശങ്ങളിൽ തടയണ നിർമിച്ച് ഉപ്പുവെള്ളം കയറുന്നതു തടയണമെന്ന മുറവിളിക്കു വർഷങ്ങളുടെ പഴക്കമുണ്ട്. പല പ്രദേശങ്ങളിലും കിണറുകളിലും ഉപ്പു കലർന്ന വെള്ളമാണു ലഭിക്കുന്നത്. നേരത്തേ തണ്ണീർത്തടങ്ങൾക്ക് സമീപമുള്ള കിണറുകളിലാണ് ഉപ്പു വെള്ളം ഉണ്ടായിരുന്നത്. വേനൽ കാലത്ത് കര പ്രദേശങ്ങളിലെ കിണറുകളിലും ഉപ്പുവെള്ളം വ്യാപിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

