കണ്ണൂർ: രാജ്യഭരണം ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ കേരളം ബൂത്തിലെത്തി തുടങ്ങി. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിന് ശേഷം രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്താൻ കഴിയും. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ട് രേഖപ്പെടുത്താൻ 2,77,49,159 പേരാണ് ബൂത്തുകളിലേക്കെത്തുക. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വൈകീട്ടുതന്നെ ബൂത്തുകളിലെത്തി സജ്ജീകരണം പൂർത്തിയാക്കിയിരുന്നു. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ വിപുല ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കും. അവസാനിക്കുന്ന സമയത്ത് നിരയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം വോട്ടിംഗ് അവസാനിച്ചുവെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിക്കും. ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ഇവിഎമ്മില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തും.
കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.
ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്.
ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

