അഞ്ചരക്കണ്ടി : ടിപ്പർലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. കുഴിമ്പാലോട് മെട്ട സി.എച്ച്. രാമൻ ഗുരുക്കൾ സ്മാരക വായനശാലയ്ക്കടുത്ത കോമത്ത് നാരായണൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കുഴിമ്പാലോട് മെട്ട സി.എച്ച്. രാമൻ ഗുരുക്കൾ സ്മാരക വായനശാലയ്ക്കടുത്തായിരുന്നു അപകടം.
വടകര ഭാഗത്ത് ചെങ്കല്ലിറക്കി മടങ്ങിവരുകയായിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 100 മീറ്ററോളം ദൂരം വാഹനം നിയന്ത്രണംവിട്ട നിലയിൽ സഞ്ചരിച്ചു. ഈ സമയം ചായക്കടയിൽനിന്നിറങ്ങി റോഡരികിലൂടെ നടന്നുപോയ നാരായണനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ലോറി വൈദ്യുതത്തൂണിലും മരത്തിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്. ഡ്രൈവർക്കും സഹായിക്കും കാര്യമായ പരിക്കില്ല. സമീപത്തെ ബസ് സ്റ്റോപ്പിലും തൊട്ടടുത്തും ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
നാരായണന്റെ ഭാര്യ: വി. ചന്ദ്രി. മക്കൾ: വി. വിജിഷ, വി. സജേഷ്, വി. സനോജ്. മരുമക്കൾ: കെ. അനിൽകുമാർ (മാച്ചേരി), പ്രിയങ്ക (മുരിങ്ങേരി), സജിന (കണ്ണാടിവെളിച്ചം). പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

