കണ്ണൂർ’ വികസന സെമിനാർ സംഘടിപ്പിച്ചു

Kannadiparamba online news


കണ്ണൂർ: എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി സാധു കല്ല്യാണ മണ്ഡപത്തിൽ വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായവും നിർദേശവും സമാഹരിക്കുന്നതിന് വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ’ വികസന സെമിനാർ സംഘടിപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. എം വി ജയരാജൻ രൂപ രേഖ അവതരിപ്പിച്ചു. കണ്ണൂരിന്റെ വികസന സാധ്യതകൾ ചൂണ്ടികാട്ടിയാണ് കെ എൻ ബാലഗോപാൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. രണ്ട് വർഷം കൊണ്ട് പതിനായിരം ഹോട്ടൽ മുറിയെങ്കിലും ജില്ലക്ക് ആവശ്യമായി വരുമെന്ന് ബാലഗോപാൽ പറഞ്ഞു. ടൂറിസം മേഖല ആ രീതിയിലാണ് കുതിക്കുന്നത്. കണ്ണൂരിന്റെ തീരദേശവും മലയോരവും കാണുന്നതിന് വിദേശ അഭ്യന്തര ടൂറിസ്റ്റുകളുടെ കുതിപ്പാണ്. അവർക്കാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലഗോപാൽ സൂചിപ്പിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ വികസന രൂപരേഖ അവതരിപ്പിച്ചു. വിമാനത്താവളം, തുറമുഖം, റെയിൽവേ വികസനത്തൊടൊപ്പം കേന്ദ്ര സർവ്വകലാശാലയുടെ സെന്റർ കണ്ണൂരിൽ തുടങ്ങാൻ മുഖ്യ പരിഗണന നൽകുമെന്ന് ജയരാജൻ പറഞ്ഞു. 64 ലക്ഷം യാത്രക്കാർ ഒരു വർഷം എത്തുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനത്തൊടൊപ്പം കണ്ണൂർ സൗത്ത്, വളപട്ടണം റെയിൽവേ സ്റ്റേഷനുകളുടെ സാറ്റലൈറ്റ് സ്റ്റേഷനായും ഉയർത്തും. ദേശീയ പാതയുടെ ഇരുവശത്തുമുള്ളവരുടെ പ്രയാസം പരിഹരിക്കാൻ അനിവാര്യമായ അടിപ്പാത, കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഇപ്പോൾ നടപ്പാക്കി വരുന്ന നഗര റോഡ് വികസനം, മേലചൊവ്വ മേൽപാലം എന്നിവയുടെ വേഗം വർധിപ്പിക്കൽ, നാടുകാണി വ്യവസായ പാർക്ക് വികസനം, തീർത്ഥാടക ടൂറിസം, കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ, കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ലഭ്യമാകൽ തുടങ്ങി ജില്ലയുടെ വികസനത്തിന് സർവ്വതല സ്പർശിയായ പദ്ധതികളാണ് മുന്നോട്ട് വെച്ചത്.
തുടർന്ന് സംസാരിച്ച വിവിധ മേഖലയിലുള്ളവരും ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. കണ്ണൂർ നഗരത്തെ ഡിസൈൻ നഗരമായി മാറ്റുക, കായിക വികസനത്തിന് പദ്ധതികൾ, അന്താരാഷ്ട്ര എക്‌സിബിഷൻ സെന്റർ, മ്യൂസിയം, ആറളം ഫാം നവീകരണം, കൈത്തറി വികസനം തുടങ്ങി ഒട്ടേറെ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്. കണ്ണൂർ രൂപതാ ബിഷപ്പ് ഫാദർ അലക്‌സ് വടക്കുംതറയും വാണിജ്യ വ്യവസായ കായിക മേഖലയിലുള്ളവരും സംസാരിച്ചു. പി കെ ശ്രീമതി ക്രോഡീകരിച്ച് സംസാരിച്ചു. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, കെ വി സുമേഷ് എംഎൽഎ, എൽഡിഎഫ് നേതാക്കളായ ടിവി രാജേഷ്, സി എൻ ചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി എൻ ചന്ദ്രൻ സ്വാഗതവും പ്രസിഡന്റ് സിപി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!