മുണ്ടേരി : പക്ഷിസങ്കേതമായ മുണ്ടേരിക്കടവ് പുഴയോരവും പരിസരവും ശുചീകരിച്ചു. മുണ്ടേരിക്കടവ് പാലത്തിനു സമീപമുള്ള റോഡിലെ മാലിന്യവും നീക്കി. മുണ്ടേരി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ പ്രവർത്തനത്തോടെയാണ് പുഴയോരം വൃത്തിയാക്കിയത്. റോഡിൽ ഇരുവശത്തും മാലിന്യം വ്യാപകമായി തള്ളുന്നത് വലിയ പരിസ്ഥിതിപ്രശ്നമായി മാറിയിരുന്നു.
വികസിച്ചുവരുന്ന ടൂറിസ്റ്റ് പ്രദേശമായ മുണ്ടേരിക്കടവ് പാലം പരിസരം നിരവധി ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്.
ശുചീകരണപ്രവർത്തനങ്ങൾക്ക് മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ, സെക്രട്ടറി രാജൻ, ജൂനിയർ സൂപ്രണ്ട് ടി. ധന്യ, അംഗങ്ങളായ ജിതേഷ്, മുംതാസ്, ചാന്ദ്നി, ഹെൽത്ത് ഇൻസ്പെക്ടർ രിൻസിത തുടങ്ങിയവർ നേതൃത്വം നൽകി.