തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Kannadiparamba online news

കണ്ണൂർ: ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിൻറെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാർഥ്യമായത്.

പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയിൽ സന്നിഹിതരായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

കുപ്പിക്കഴുത്തുകൾ’ക്ക് വിട

ദേശീയപാത 66-ൽ തലശ്ശേരിയിലെയും മാഹിയിലെയും ‘കുപ്പിക്കഴുത്തുകൾ’ കുപ്രസിദ്ധമാണ്. ഇഴഞ്ഞുനീങ്ങി മാത്രമേ വാഹനങ്ങൾക്ക് തലശ്ശേരിയും മാഹിയും താണ്ടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ആറുവരി ബൈപ്പാസ് യാഥാർഥ്യമായതോടെ ഈ കുപ്പിക്കഴുത്തുകളിൽ കുരുങ്ങാതെ ദീർഘദൂരയാത്രക്കാർക്ക് കടന്നുപോകാൻ സാധിക്കും. തലശ്ശേരി, മാഹി നഗരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.

ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണചുമതല. 2018-ലാണ് കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 1543 കോടിയാണ് പദ്ധതി ചെലവ്. 16.5 കിലോമീറ്ററാണ് പാതയുടെ നീളം. 1226 കോടിയാണ് ചെലവ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!