Kannadiparamba news online✍️
കണ്ണാടിപ്പറമ്പ്: നൗഷാദ് പുല്ലൂപ്പിയെന്ന് കേട്ടാല്‍ ആര്‍ക്കുമറിയുന്ന ഒരു മുഖമുണ്ട്. എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ട്, കളിതമാശകള്‍ പറഞ്ഞ് നീങ്ങുന്ന മുഖം. അതിനാല്‍തന്നെ നൗഷാദ്ക്ക വിടവാങ്ങിയെന്നു കേട്ടപ്പോള്‍ പലരും വിശ്വസിച്ചില്ല. അത്രമേല്‍ അടുപ്പവും ബന്ധവും സ്നേഹിച്ച പാട്ടുകാരനായിരുന്നു നൗഷാദ്. ജില്ലയില്‍ തന്നെ ഒട്ടുമിക്ക മദ്റസകളിലും ദഫ്, കോല്‍ക്കളി പഠിപ്പിക്കാനും നബിദിന പരിപാടികളിലും മദ്റസ പരിപാടികളിലും പാട്ടുപാടിയും മറ്റും കാണികളെ രസിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. പഞ്ചാബി ഡാന്‍സ് പോലും നൗഷാദ് കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരുതവണ വിളിച്ച സംഘാടകര്‍ പിന്നീട് എല്ലാ പരിപാടികള്‍ക്കും നൗഷാദിനെ തേടിയെത്താറുണ്ട്. അതിനുകാരണം മറ്റൊന്നുമല്ല, കുട്ടികളെ പരിപാടികള്‍ സമയബന്ധിതമായി പഠിപ്പിക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും അത്രയേറെ ആത്മാര്‍ത്ഥമായാണ് നൗഷാദ്ക്ക ഇടപെടുക. സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍, കലാസാംസ്കാരിക പരിപാടികള്‍ എന്നിവയിലെല്ലാം നൗഷാദ് പുല്ലൂപ്പിയെന്ന പേര് കേള്‍ക്കാത്തവര്‍ കണ്ണാടിപ്പറമ്പ്, നാറാത്ത്, കമ്പില്‍, കക്കാട്, ചിറക്കല്‍ ഭാഗങ്ങളില്‍ കുറവായിരിക്കും. ഒരു പരിപാടി ഏറ്റെടുത്താല്‍ പിന്നെ രാവെന്നോ പകലെന്നോ ഇല്ലാതെ, വിശ്രമം പോലും അറിയാതെ ഭംഗിയായി പൂര്‍ത്തീകരിക്കുന്നതുവരെ പിന്നാലെയുണ്ടാവും. സ്കൂളിലും മദ്റസകളിലും നഴ്സറി സ്ഥാപനങ്ങളിലുമൊക്കെയായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെയും മികച്ച പാടവത്തോടെ കലാരംഗത്ത് മുന്നേറാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പാട്ട് പാടല്‍, ദഫ് മുട്ട് പരിശീലനം എന്നിവ മാത്രമല്ല, പാട്ടെഴുതുന്നതിലും അസാമാന്യ കഴിവ് നൗഷാദിനുണ്ടായിരുന്നു. ആരെങ്കിലും പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ സംഘാടകരെ കുറിച്ച് വേദിയില്‍വച്ച് തന്നെ പാട്ടുണ്ടാക്കി അമ്പരപ്പിച്ചുണ്ട്.
വെള്ളിയാഴ്ച രാത്രിവരെ കലാപരിപാടി അവതരിപ്പിച്ചിരുന്നു. വട്ടപ്പൊയില്‍ സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് രാത്രി 12 മണിക്കു ശേഷമാണ് വീട്ടിലെത്തിയത്. ഒരാഴ്ചയ്ക്കിടെ വാരം, പുല്ലൂപ്പി, ചേലേരി മേഖലകളിലെ വിവിധ സ്കൂളുകളില്‍ കുട്ടുകളെ കലാപരിപാടികള്‍ക്കായി ഒരുക്കിയിരുന്നു. നാടിനെ കുറിച്ചും നാട്ടുകാരെക്കുറിച്ചും പാട്ടുകള്‍ പാടിയ നൗഷാദിന്റെ കീഴില്‍ കലാരംഗത്തെത്തിയവരും നിരവധിയാണ്. കൈരളി പട്ടുറുമാലിലൂടെ പ്രശസ്തനായ കണ്ണൂര്‍ മമ്മാലിയെന്ന പാട്ടുകാരന് തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് തന്നെ മതിയാവും, നൗഷാദ്ക്കാന്റെ പാട്ടിനോടുള്ള പ്രണയം മനസ്സിലാക്കാന്‍. ചെറുപ്പം മുതലേ പാട്ടിനെ അത്രമേല്‍ പ്രണയിച്ച നൗഷാദ്, ഫേസ്ബുക്കിലൂടെയും ചിലപ്പോഴെങ്കിലും തന്റെ കലാവൈഭവം ജനങ്ങളിലെത്തിച്ചിട്ടുണ്ട്. മികച്ച ഒരു പാചകവിദഗ്ധന്‍ കൂടിയാണ് നൗഷാദ്. കല്ല്യാണവേദികളിലും മറ്റും പാചകപ്പുരയിലും സ്റ്റേജിലും ആളുകളെ ആസ്വാദനത്തിലേക്കെത്തിക്കാന് ഇനി നൗഷാദ്ക്കയില്ലെന്ന കാര്യം നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുല്ലൂപ്പി ചെങ്ങിനക്കണ്ടിയിലെ വീട്ടിലേക്ക് രാത്രിയിലും എത്തുന്ന ആളുകള്‍ തന്നെ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സിന്റെ മകുടോദാഹരണങ്ങളാണ്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പുല്ലൂപ്പി ജുമാമസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷം ഖബറടക്കും. പ്രിയപ്പെട്ട നൗഷാദ്… താങ്കള്‍ക്ക് പുല്ലൂപ്പിക്കാരുടെ മനസ്സില്‍ മരണമില്ല…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

