കണ്ണൂർ : വേനൽ കടുത്തതോടെ ജലക്ഷാമ ഭീഷണിയും ഉയരുകയാണ്. ഇത് കണക്കിലെടുത്ത് കുടിവെള്ള വിതരണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകുപ്പ് അനുമതി നൽകി. കുടിവെള്ളവിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടിൽനിന്നും തുക വിനിയോഗിക്കാം.
മാർച്ച് 31 വരെ ഗ്രാമപ്പഞ്ചായത്തുകൾക്ക് ആറുലക്ഷം രൂപ, മുനിസിപ്പാലിറ്റികൾക്ക് 12 ലക്ഷം രൂപ, മുനിസിപ്പൽ കോർപറേഷനുകൾക്ക് 17 ലക്ഷം രൂപവരെയും തുക വിനിയോഗിക്കാം. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെയും ഗ്രാമപ്പഞ്ചായത്തുകൾക്ക് 12 ലക്ഷം രൂപ, മുനിസിപ്പാലിറ്റികൾക്ക് 17 ലക്ഷം രൂപ, മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് 22 ലക്ഷം രൂപവരെയും വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗംചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. വരൾച്ചാബാധിത പ്രദേശമായോ കുടിവെള്ളക്ഷാമമുള്ള പ്രദേശമായോ കളക്ടറോ ബന്ധപ്പെട്ട അധികൃതരോ പ്രഖ്യാപിക്കുന്നതനുസരിച്ചാണ് കുടിവെള്ളവിതരണത്തിന് നടപടികൾ സ്വീകരിക്കേണ്ടത്. ജില്ലയിൽ ഇതുവരെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
36 ഡിഗ്രി സെൽഷ്യസ് വരെ
:ജില്ലയിൽ താപനില കൂടിയനിലയിൽത്തന്നെ തുടരുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച ജില്ലയിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ജില്ലയിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു (സാധാരണയെക്കാൾ രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് കൂടുതൽ). താപനില ഇതേ അവസ്ഥയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

