വേളാപുരം: ദേശീയപാത നിർമാണത്തോടെ വഴിയടഞ്ഞ വേളാപുരത്ത് അടിപ്പാത നേടിയെടുക്കാൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ആക്ഷൻ കമ്മിറ്റി. രാഷ്ട്രീയത്തിനതീതമായി മുഴുവൻ നേതാക്കളെയും നേരിട്ട് ചെന്നുകണ്ട് നിവേദനം നൽകി. അടിപ്പാതക്കായി ആയിരത്തിലധികം പൊതുജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ഒരുക്കിയാണ് ആശയവിനിമയവും ചർച്ചയും. വഴിതടസ്സം സൃഷ്ടിക്കുന്ന പ്രദേശത്തെ, മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തനം സജീവമാക്കി. അതോടൊപ്പം ഒപ്പുശേഖരണവും തകൃതിയായി നടക്കുന്നുണ്ട്. കുറ്റിക്കോലിനും വളപട്ടണം പാലത്തിനും ഇടയിൽ നിലവിലുള്ള ദേശീയ പാതയിലെ ജനത്തിരക്കേറിയ പ്രധാന കേന്ദ്രമാണ് വേളാപുരം.
ഈ കവലയിൽനിന്ന് മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് എട്ട് ബസുകൾ സർവിസ് നടത്തുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ആരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നിരവധി ക്ഷേത്രങ്ങൾ, വില്ലേജ് ഓഫിസ്, പ്രൈമറി സ്കൂളുകൾ, നിർദിഷ്ട കല്ലൂരിക്കടവ് പാലം, ജനവാസ കേന്ദ്രമായ അരോളി, മാങ്കടവ്, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകൾ കടന്നുപോകുന്നത് ഈ കവലയിലൂടെയാണ്.പ്രവൃത്തി നടന്നുവരുന്ന വേളയിലെ ആദ്യത്തെ ഡി.പി.ആറിൽ വേളാപുരത്ത് അടിപ്പാത ഉണ്ടായിരുന്നു. പിന്നീട് അതെങ്ങനെ ഒഴിവായതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കണ്ണൂർ റീച്ചിൽ ബക്കളം, കീച്ചേരി കഴിഞ്ഞാൽ പാപ്പിനിശ്ശേരി അമലോത്ഭവ ക്ഷേത്രത്തിന് മുൻവശത്താണ് പഴയ ദേശീയ പാതയും പുതിയ പാതയും ചേരുന്ന കേന്ദ്രം ഒരുങ്ങുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് അരോളി, മാങ്കടവ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ കിലോമീറ്ററുകൾ താണ്ടി കീച്ചേരിയിൽനിന്ന് മറുഭാഗത്തേക്ക് കടക്കേണ്ടിവരുമെന്നാണ് ജനങ്ങളുടെ ആക്ഷേപം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

