കണ്ണൂർ : താവക്കര ബസ് സ്റ്റാൻഡിന് സമീപം റോഡ് തകർന്ന് ലോറി മറിഞ്ഞു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കോൺക്രീറ്റ് കുഴച്ചെടുക്കുന്ന റെഡിമിക്സ് ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവർ കെ. സനൂപ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
പുതിയ ബസ്‌സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ക്രെയിനുകൾ ഉപയോഗിച്ച് മണിക്കൂറുകൾ ശ്രമിച്ച് സന്ധ്യയോടെയാണ് ലോറി നീക്കാനായത്. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനാൽ ബസ്‌സ്റ്റാൻഡിൽ കയറാനും പുറത്തുപോകാനും ഗതാഗതം ഒറ്റവരി മാത്രമാക്കിയതോടെ വൈകിട്ട് ഏറെനേരം വാഹനതടസ്സത്തിനിടയാക്കി. പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് വേണ്ടി കോൺക്രീറ്റ് മിശ്രിതവുമായി വലിയവെളിച്ചത്തുനിന്ന് എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ബസ് സ്റ്റാൻഡ് റോഡിൽനിന്ന് ഇടതുവശത്തുള്ള പോക്കറ്റ് റോഡിലേക്ക് ലോറി പിറകോട്ട് എടുക്കുന്നതിനിടെ റോഡിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ഇതോടെ ലോറിയുടെ മുൻഭാഗം ഉയർന്ന് മറിഞ്ഞു. മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾ തകർന്നു. ടാങ്ക് ചോർന്ന് ഇന്ധനം റോഡിലേക്ക് ഒലിച്ചിറങ്ങി. സ്ഥാപനത്തിലെ തൊഴിലാളികൾ എത്തിയ ശേഷം ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിശ്രിതം ഭാഗികമായി നീക്കി.