മുസ്‍ലിം ലീഗ് ദേശരക്ഷായാത്ര 25 മുതൽ

Kannadiparamba online news

കണ്ണൂർ: ‘ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം’ എന്ന മുദ്രാവാക്യവുമായി മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷായാത്ര 25-ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധിപാർക്കിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ ഭരണഘടന തിരസ്കരിച്ചും ജനാധിപത്യമൂല്യങ്ങൾ ഇല്ലാതാക്കിയും വർഗീയത വളർത്തിയും ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യെ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് ജാഥാ ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പത്രസമ്മേളനത്തിൽ പറഞ്ഞു. രാമക്ഷേത്രത്തിന് ആരുമെതിരല്ല. പക്ഷേ അത് രാജ്യത്തെ ഭിന്നിപ്പിക്കാനും വോട്ടുതട്ടാനുമുള്ള രാഷ്ട്രീയ ആയുധമാക്കുന്നതിനോടാണ് എതിർപ്പ്. ഒരുമതവും രാജ്യത്തിന്റെ ഔദ്യോഗിക മതമല്ലെന്നിരിക്കെ പ്രധാനമന്ത്രി തന്നെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജാഥ ഫെബ്രുവരി അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പയ്യന്നൂരിലെ ഉദ്ഘാടനച്ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഏഴിന് ഉപ്പുസത്യാഗ്രഹ കേന്ദ്രമായ ഉളിയത്ത് കടവിൽ ഭരണഘടനാ പ്രതിജ്ഞയെടുത്ത്‌ പുളിങ്ങോത്തുനിന്ന് പ്രയാണമാരംഭിക്കും. വൈകിട്ട് ആറിന് പാലക്കോട്ട് സമാപിക്കും.

മറ്റു ദിവസങ്ങളിലെ പര്യടനം: -കല്യാശ്ശേരി മണ്ഡലം. സമാപനം പഴയങ്ങാടി. 28-ന് അഴീക്കോട് മണ്ഡലം. സമാപനം കമ്പിൽ. 29-ന് തളിപ്പറമ്പ് മണ്ഡലം. സമാപനം തളിപ്പറമ്പ് സ്ക്വയർ. 30-ന് 11-ന് രക്തസാക്ഷിത്വ പ്രതിജ്ഞ. തുടർന്ന് പേരാവൂർ മണ്ഡലം പര്യടനം. സമാപനം കാക്കയങ്ങാട്. 31-ന് ഇരിക്കൂർ മണ്ഡലം. സമാപനം ശ്രീകണ്ഠപുരം. ഫെബ്രവരി ഒന്നിന് കൂത്തുപറമ്പ് മണ്ഡലം. സമാപനം കടവത്തൂർ. രണ്ടിന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ ഇ.അഹമ്മദിന്റെ കബർ സിയാറത്തിനുശേഷം മട്ടന്നൂർ മണ്ഡലം പര്യടനം. സമാപനം മട്ടന്നൂർ ബസ്‌സ്റ്റാൻഡ്‌. മൂന്നിന് ധർമടം മണ്ഡലം. സമാപനം ചക്കരക്കല്ല്. നാലിന് തലശ്ശേരി മണ്ഡലം. സമാപനം തലശ്ശേരി ബസ്‌സ്റ്റാൻഡ്‌. ജില്ലാ ഭാരവാഹികൾ സ്ഥിരം ജാഥാംഗങ്ങളാണ്.

പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, മഹമ്മൂദ് കടവത്തൂർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൽസാരി തില്ലങ്കേരി, കെ.എ.ലത്തീഫ് അള്ളാംകുളം, വി.പി.വമ്പൻ, ടി.എ.തങ്ങൾ, ബി.കെ.അഹമ്മദ്, ഇബ്രാഹിം മുണ്ടേരി എന്നിവരും സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!