സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

Kannadiparamba online news

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഏറ്റവും ഒടുവിലായി 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് കൂട്ടുകയാണ്.

കണ്ണൂർ ജില്ല കുതിപ്പ്‌ തുടരുന്നു.

ഈ വിജയം ഷംസുവിന് ഇരട്ടിമധുരം


കണ്ണൂർ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.സ്കൂളിൽനിന്നു കുട്ടികളുമായുള്ള കെ.എം.ഷംസുദ്ദീന്റെ കലോത്സവയാത്രതുടങ്ങിയിട്ട് കാൽനൂറ്റാണ്ടാകുന്നു. ഇക്കുറി കൊല്ലത്തേക്ക് വണ്ടികയറുമ്പോൾ ഷംസുദ്ദീന് വേറൊരു സന്തോഷവുമുണ്ട്‌. സ്വന്തം മകളുമായുള്ള ആദ്യ കലോത്സവയാത്ര. ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ സ്കൂൾ ടീം അംഗമായിരുന്നു മകൾ ഇഫ ഷെറിൻ. വെള്ളിയാഴ്ച രാത്രി മത്സരം കഴിഞ്ഞു. ആഗ്രഹിച്ചതുപോലെ എ ഗ്രേഡ്. സ്‌കൂളിലെ കുട്ടി ജയിക്കുമ്പോഴെല്ലാം സന്തോഷം തന്നെ. എന്നാൽ ഇക്കുറി സന്തോഷം ഇരട്ടിയായെന്നും ഷംസുദ്ദീൻ പറയുന്നു.

2000-ൽ തൊടുപുഴയിലാണ്, സ്കൂളിലെ ക്ലാർക്കായ ഷംസുദ്ദീൻ ആദ്യമായി കുട്ടികളുമായി കലോത്സവത്തിനെത്തിയത്. അന്നുമുതൽ ഇന്നുവരെ കുട്ടികളെ കൊണ്ടുവരുന്നുണ്ട്. അധ്യായനവർഷം തുടങ്ങുമ്പോൾ തന്നെ ഷംസുദ്ദീന്റെ കലോത്സവ ജോലികൾ തുടങ്ങും. കുട്ടികളുടെ കഴിവ് കണ്ടെത്താനായി സ്കൂളിൽ ടാലന്റ് ഹണ്ട് നടത്തും. അവർക്ക് പരിശീലനത്തിന് ആളെയെത്തിക്കുന്നത് തുടങ്ങി മുഴുവൻ ജോലികളും ചെയ്യുമെന്നും അദ്ദേഹംപറയുന്നു. ഗസലിലും മാപ്പിളപ്പാട്ടിലും സ്വന്തമായി കുട്ടികൾക്ക് പരിശീലനവും നൽകാറുണ്ട് എളയാപുരം ആമിനാ മൻസിലിൽ ഷംസുദ്ദീൻ. ഭാര്യ: തസ്‌നീമ. മുഹമ്മദ് ഫാദി, മിനാ നൗറിൻ എന്നീ രണ്ടുകുട്ടികൾ കൂടിയുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!