കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടന്ന അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ആവശ്യപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയിലെ ഏകാധിപതിയാണ് മേയറെന്നും പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും പദ്ധതി തുക 80 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ടും ലാപ്സാക്കി എന്നും സ്ഥാനമൊഴിയുമ്പോള്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബന്ധുക്കളുടെ സ്വകാര്യറോഡ് കോര്പ്പറേഷന് ആസ്തിയാക്കി മാറ്റിയെന്നും അഴിമതി മാത്രമാണ് മൂന്ന് വര്‍ഷവും നടന്നതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത് കോണ്‍ഗ്രസ്സുകാരായ കൗണ്‍സിലര്‍മാരാണ്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും പൈപ്പ് ലൈനിലൂടെ മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ച 28 കോടി രൂപയുടെ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് മഞ്ചപ്പാലത്ത് സ്ഥാപിച്ചത്. 10 വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പൈപ്പ് ലൈന്‍ കണക്ട് ചെയ്യുക വഴി വന്‍കിടക്കാരെ സഹായിക്കുകയും കോടികള്‍ അഴിമതി നടത്തുകയുമാണ് ഉണ്ടായതെന്ന ആക്ഷേപം അതീവ ഗൗരവതരമാണ്. പ്ലാന്റിന് വേണ്ടി കുത്തിപ്പൊട്ടിച്ച മൂന്ന് റോഡുകള്‍ ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. ചേലോറയില്‍ ഖരമാലിന്യം നീക്കം ചെയ്യുന്ന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിക്ക് 600 കോടി രൂപയാണ് മൊത്തം ചെലവ് വരിക. ആദ്യ കരാര്കാരനെ ഒഴിവാക്കി രണ്ടാമത്തെ കരാറുകാരനെ കോര്‍പ്പറേഷനാണ് തെരഞ്ഞെടുത്തത്. മാലിന്യം നീക്കംചെയ്യുകയല്ല, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂമ്പാരമായിടുന്നതാണ് ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ കാണാന്‍ കഴിയുക. ആദ്യ കരാറുകാരന് പദ്ധതി പൂര്‍ത്തീകരിക്കും മുമ്പ് നല്കിയ 60 ലക്ഷം രൂപ ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ആരോപണമുയര്ന്നുവന്നതാണ്. ഏജന്റിനെ നിയോഗിച്ചാണ് ലൈസന്‍സ് ലഭ്യമാക്കുന്നതിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലും വിഹിതം കൈപ്പറ്റുന്നത്. അങ്ങനെയുണ്ടാക്കിയ അഴിമതിപ്പണം ഉപയോഗിച്ച് മേയര്‍ ബിനാമികളുടെ പേരില്‍ പലതും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും അല്ലാത്തവരോട് പകപോക്കല്‍ സമീപനവുമാണ് മേയര്‍ സ്വീകരിച്ചിരുന്നത്. അനധികൃത കെട്ടിടങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചിലര്‍ അപേക്ഷ നല്കിയാല് മറുപടി നല്കലല്ല, പ്രസ്തുത ഫയലുകള്‍ മേയറുടെ അടുത്തെത്തിക്കുകയാണ് ശീലം. കെട്ടിട ഉടമയെ മേയറുടെ അടുത്തെത്തിക്കുകയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചില അപേക്ഷകരുടെ ലക്ഷ്യം. ഇത്തരക്കാര്‍ ബിനാമി വിവരാവകാശ പ്രവര്‍ത്തകരാണ്. മാലിന്യ വാഹനങ്ങളും, പഴകിയ ഭക്ഷ്യവസ്തുക്കളും മറ്റും കോര്പ്പറേഷന് ഉദ്യോഗസ്ഥډാര്‍ പിടിച്ചെടുത്താല്‍ പിന്നീട് പല കേസ്സുകളിലും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥډാര്‍ പിടിച്ചാല്‍ കര്‍ശന നടപടിയും സ്വീകരിക്കുന്നു. സാധാരണനിലയില്‍ മുന്നണി ധാരണയനുസരിച്ച് മേയര്‍ പദവി രാജിവെക്കുമ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും പെട്ട കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് യാത്രയയക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഉദ്ഘാടനവേദിയില്‍ സ്വന്തം പാര്ട്ടിക്കാര് തമ്മില്‍ മൈക്കിന് വേണ്ടി അടികൂടുന്നതും കൈയ്യേറ്റം നടത്തുന്നതും ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ വേദിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തന്നെ മുദ്രാവാക്യം മുഴക്കുന്നതും സദസ്സില്‍ നിന്ന് അനുയായികള്‍ ഏറ്റുവിളിക്കുന്നതും പരിപാടി പൂര്‍ത്തീകരിക്കാതെ പിരിച്ചുവിടേണ്ടിവന്നതും കണ്ണൂര്‍ നിവാസികള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നു. 2018 മുതല്‍ വയോധികരുടെ പകല്വിജ്ഞാനകേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന താളിക്കാവിലെ കോര്പ്പറേഷന് കെട്ടിടത്തില്‍ നിന്നും വയോധികരെ പുതുവര്ഷപുലരിയില്തന്നെ പടിയിറക്കിയത് അങ്ങേയറ്റത്തെ ധിക്കാരം കൂടിയാണ്. അവസാനദിവസ കോര്‍പ്പറേറ്റ് കൗണ്‍സില്‍ യോഗം കൂടി സ്വന്തം പാര്‍ട്ടിക്കാരുടെ ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. കരട് മാസ്റ്റര്‍ പ്ലാനിന്റെയും സപ്ലിമെന്ററി ബജറ്റിന്റെയും കോപ്പികള്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാതെയാണ് പാസ്സാക്കിയെടുത്തത്. സ്വന്തംപാര്ട്ടിക്കാരോടുപോലും ജനാധിപത്യമര്യാദ കാണിക്കാത്ത മേയര്‍ പ്രതിപക്ഷത്തെ ചവിട്ടിയരക്കാനാണ് നോക്കിയത്. വികസനമല്ല, അഴിമതിയും ക്രമക്കേടും മാത്രമാണ് മൂന്ന് വര്‍ഷവും കോര്‍പ്പറേഷനില്‍ നടന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതോ ഇപി ലത മേയറായിരുന്ന കാലത്ത് ആരംഭിച്ചതോ ആയ വികസനപദ്ധതികളാണ് ഇക്കാലത്ത് ഉദ്ഘാടനം ചെയ്തതില്‍ പലതും. അവയുടെ ഉദ്ഘാടന ചടങ്ങുകളില്‍ പോലും സ്ഥലം എം.എല്‍.എ.യെ പങ്കെടുപ്പിക്കാതെ മറ്റിടങ്ങളിലെ എം.എല്‍.എ.മാരെയാണ് പങ്കെടുപ്പിച്ചത്. രാമചന്ദ്രന് കടന്നപ്പള്ളി മന്ത്രിയായതിനുശേഷം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയായ പദ്ധതികള്‍ അദ്ദേഹത്തെ ക്ഷണിക്കാതെ മേയര്‍ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളും ഫണ്ടും ഇപി ലത മേയറായിരുന്നപ്പോള്‍ ആരംഭിച്ച പദ്ധതികളും സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കോര്‍പ്പറേഷനില്‍ കാര്യമായ യാതൊന്നും നടന്നില്ലെന്ന് വ്യക്തമാകും.
സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളും ഫണ്ടും
- സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി 738 കോടി
- കോര്പ്പറേഷന് ഓഫീസ് കെട്ടിടം 26.5 കോടി
- മാലിന്യ സംസ്കരണ പ്ലാന്റ് 28 കോടി
- തെക്കിബസാര്‍ ഫ്ളൈഓവര്‍ 130 കോടി
- മേലേ ചൊവ്വ ഓവര്‍ബ്രിഡ്ജ് 45 കോടി
- 7 പാലങ്ങള്‍ 25.3 കോടി
- കോസ്റ്റല്‍ ഹൈവേ 23 കോടി
- ഹാര്‍ബര്‍ റോഡ് 10 കോടി
- സാധുകമ്പനി – മുണ്ടയാട് റോഡ് 3 കോടി
- താണ – ആനയിടുക്ക് റോഡ് 1.5 കോടി
- മുണ്ടയാട് – ചേലോറ റോഡ് 2 കോടി
- മുഖ്യമന്ത്രിയുടെ റോഡ് പദ്ധതി 5 കോടി ഇതിന് പുറമേ 8 റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചുകഴിഞ്ഞു. അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി അവേര, പള്ളിപ്രം, എളയാവൂര് കോളനികള്‍ക്ക് 2.5 കോടി നല്കി. ചേലോറ, എടക്കാട്, എളയാവൂര് എന്നീ പഞ്ചായത്തുകളിലെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഒന്നരക്കോടി രൂപ, 9 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 33.78 കോടി രൂപ, കാനാമ്പുഴ പദ്ധതിക്ക് 10 കോടി, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 33 കോടി. ജവര്‍ഹര്‍ സ്റ്റേഡിയത്തിന് അനുവദിച്ച 13 കോടി രൂപയും മരക്കാര്‍കണ്ടി അറവുശാല പദ്ധതി നടപ്പാക്കാതെ കോടികളും നഷ്ടപ്പെടുത്തിയത് കോര്പ്പറേഷന് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണ്.
എല്‍.ഡി.എഫ്. കോര്പ്പറേഷന് ഭരണകാലത്ത് ആരംഭിച്ച പദ്ധതികള്‍:
കുടിവെള്ള വിതരണം (114.5 കോടി), പള്ളിക്കുന്ന് എടക്കാട് വാട്ടര്‍ ടാങ്കുകള്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ്, പയ്യാമ്പലം വാതക ശ്മശാനം, പടന്ന സീവേജ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് (51 കോടി), വെയിസ്റ്റ് ടു എനര്‍ജി പ്രോജക്ടിന് വട്ടപ്പൊയിലില്‍ 10 ഏക്കര്‍ സ്ഥലം അനുവദിച്ചു. മുഴുവന്‍ വീടുകള്‍ക്കും കക്കൂസ് നിര്‍മിച്ചു, വെളിയിട വിസര്‍ജ്ജനമില്ലാത്ത കോര്‍പ്പറേഷനായി പ്രഖ്യാപിച്ചു, സ്റ്റേഡിയം കോര്‍ണര്‍, ഹാജിറോഡ്, തയ്യില്‍ ശാന്തി മൈതാനം, പടന്ന എന്നിവിടങ്ങളില്‍ ടോയ്ലറ്റ് ബ്ലോക്കുകള്‍, കണ്ണൂക്കര, കാപ്പാട്, പള്ളിപ്രം, ചൊവ്വ, മാച്ചേരി, താഴെ ചൊവ്വ, നീര്ച്ചാല് എന്നിവിടങ്ങളില്‍ സ്ഥലമെടുത്ത് അംഗന്‍വാടികള്‍ നിര്‍മിച്ചു. 13 കോടി ചെലവഴിച്ച് നീന്തല്‍, ഫുട്ബോള്‍, യോഗ, കളരി, കരാട്ടെ, അത്ലറ്റിക്സ്, 9000 കുട്ടികള്‍ക്ക് പരിശീലനം നല്കി. ഒന്നാം ക്ലാസ് ഒന്നാംതരമാക്കല്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും 1 ലക്ഷം രൂപ വീതം നല്കി. എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിച്ചു. കോര്പ്പറേഷന് ആസ്ഥാന മന്ദിരം പ്ലാന്‍ അംഗീകരിച്ചു. കിഫ്ബി വഴി 26.5 കോടി അനുവദിച്ചു.
എല്‍.ഡി.എഫ്. പൂര്‍ത്തീകരിച്ചത്:
കാല്‍ടെക്സ്, താണ സിഗ്നല്‍ സിസ്റ്റം, കണ്ണൂര്‍ നഗരത്തില്‍ എല്‍.ഇ.ഡി. ലൈറ്റ് (1600), ആറ്റടപ്പ ഡയാലിസിസ് സെന്റര്‍, എളയാവൂര് ആയുര്‍വ്വേദ ഡിസ്പെന്‍സറി, എടക്കാട് വാട്ടര്‍ ടാങ്ക്, അവേര, കാപ്പാട് എസ്.എന്‍. പാര്‍ക്കുകള്‍, തുമ്പൂര്‍ മൂഴി മാതൃകയില്‍ മാലിന്യ സംസ്കരണ കേന്ദ്രം, സ്റ്റേഡിയം കോര്‍ണര്‍ കാറ്റില്‍ പൗണ്ട്, പാറക്കണ്ടി തയ്യില്‍ അര്‍ബന്‍ പിഎച്ച്സി, ജി.ഐ.എസ്. മാപ്പിങ്ങ് (ഊരാളുങ്കല്‍), ആനക്കുളം, ചെട്ടിയാര്‍ കുളം, വലിയകുണ്ട് കുളം (സിറ്റി), കാപ്പാട് കുളം, നവീകരിച്ച് ഉദ്ഘാടനം ചെയ്തു. പത്ത് അംഗന്‍വാടികള്‍ക്ക് കെട്ടിടം, പി.എം.എ.വൈ. പദ്ധതിയില്‍ 904 വീട്. ചേലോറ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്, ചേലോറ, എടക്കാട്, സിറ്റി എം.ആര്.എഫ്. സെന്റര്‍, 4 ടോയ്ലറ്റ് ബ്ലോക്കുകള്‍ (കാല്‍ടെക്സ്, ഹാജിറോഡ്, പടന്ന, സ്റ്റേഡിയം കോര്‍ണര്‍), താളിക്കാവ് സായംപ്രഭ ഹോം, എല്ലാ വിദ്യാലയങ്ങള്‍ക്കും സൈക്കിള്‍, പുതിയ ബസ്സ്റ്റാന്റ്-പയ്യാമ്പലം സൈക്കിള്‍ പാത്ത്, 47 കേന്ദ്രങ്ങളില്‍ വയോമിത്രം, കണ്ണൂര്‍ ദസറ 3 വര്‍ഷം സ്പോണ്‍സര്‍ഷിപ്പ് വഴി നടത്തി, 948 പുതിയ റോഡുകള്‍ (80 കോടി രൂപ)
എല്‍ഡിഎഫ് ആരംഭിച്ച പദ്ധതികള്‍ യുഡിഎഫ് പൂര്‍ത്തീകരിച്ചവ:
114.5 കോടി കുടിവെള്ള പദ്ധതി, വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് നിര്‍മാണം (40 കോടി), മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങ്, പയ്യാമ്പലം ശ്മശാനം ക്രിമിറ്റേറിയം, ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ട് പാര്‍ക്ക്, എ.കെ.ജി. ആശുപത്രിക്ക് മുന്നിലെ പാര്‍ക്ക്.
യുഡിഎഫ് ആരംഭിച്ചത്:
വട്ടപ്പൊയില്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ മാലിന്യം നീക്കാന്‍ (സോണ്ട കമ്പനിയെ ഏല്പിച്ചു). സ്റ്റേഡിയം നവീകരണം (പുല്ല് നട്ട് പിടിപ്പിച്ചു) എന്നും എം.വി. ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

