തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി; ഒന്നു മുതൽ കെ-സ്മാർട്ട്

Kannadiparamba online news

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്ന് മുതൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കും.

കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ ഈ ചുവടുവെപ്പ് നേരിട്ടറിഞ്ഞ മറ്റ് സംസ്ഥാനങ്ങൾ കെ-സ്മാർട്ടിന്റെ മാതൃകയിലുള്ള ആപ്പ് വികസിപ്പിക്കാൻ ഇതിനകം ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്. കെ-സ്മാർട്ട് ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എം എൽ എ, കെ ജെ മാക്സി എം എൽ എ, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഐ.എ.എസ് എന്നിവരും സംസാരിക്കും. ചടങ്ങിന് കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ സ്വാഗതവും ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിമ്പിൾ മാഗി പി.എസ് നന്ദിയും പറയും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!