കണ്ണൂർ : നഗരത്തിലെ എല്ലാ നടപ്പാതകളിലും ഘട്ടംഘട്ടമായി കൈവരി ഘടിപ്പിച്ച് കാൽനടയാത്ര അപകടരഹിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശം.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടം മുതൽ പഴയ ബസ്‌സ്റ്റാൻഡുവരെയുള്ള പ്രസ് ക്ലബ് റോഡിൽ തെരുവ് കച്ചവടക്കാർ നടപ്പാത കൈയേറി കച്ചവടം നടത്തുന്നത് കാരണം കാൽനടയാത്രക്കാർ റോഡിലൂടെ നടക്കാൻ നിർബന്ധിതരാവുന്നെന്ന പരാതിയിലാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂർ നഗരസഭാ സെക്രട്ടറിയിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. നടപ്പാതകൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭാ പരിധിയിൽ മൂന്ന് സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള തെരുവുകച്ചവടക്കാരെ നിരവധി തവണ ഇവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.