ഇരിട്ടി : ഇരിട്ടി- കൂട്ടുപുഴ റോഡിൽ പൊതുമരാമത്തു വകുപ്പ് റസ്റ്റ് ഹസ്സിനു മുന്നിൽ മിക്സർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. സഹ യാത്രികനായ വിദ്യാർത്ഥിക്ക് സാരമായി പരിക്കുമേറ്റു. ഇരിട്ടി മലബാർ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥി കീഴ്പ്പള്ളി കോഴിയോട് തട്ടിലെ ആമിക്കര ഹൗസിൽ ദീപു ജയപ്രകാശ് (21) ആണ് മരിച്ചത്
കുറഞ്ഞ ചെലവിൽ ഉച്ചഭക്ഷണം കഴിക്കാൻ സഹപാഠിക്കൊപ്പമുള്ള യാത്ര അന്ത്യയാത്രയായി
ലോറിയിലിടിച്ചുണ്ടായ അപകടം ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ച വിദ്യാർഥിയെ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു.
മരിച്ച ദീപു ജയപ്രകാശും പരിക്കേറ്റ സഹപാഠി സംഗീത് ശശിയും ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന മലബാർ കോളേജിലെ വിദ്യാർഥികളാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഇരുവരും സ്കൂട്ടറിൽ ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലുംമുട്ടിയിലെ കുടുംബശ്രീ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.
കുറഞ്ഞ ചെലവിൽ (30 രൂപയ്ക്ക്) ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് അങ്ങോട്ട് പോയത്. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്കൂട്ടിയിൽനിന്ന് കിട്ടിയ ഡ്രൈവിങ് ലൈസൻസിൽനിന്നാണ് ഒരാളെ തിരിച്ചറിഞ്ഞത്. മരിച്ചതാര്, പരിക്കേറ്റതാര് എന്ന് തിരിച്ചറിയാനുള്ള വിളികളും അന്വേഷണവുമായി നാടെങ്ങും.
ഇതിനിടയിൽ കോളേജിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ കുട്ടികൾ തിരിച്ച് ക്ലാസിലെത്താത്തതിന്റെ അന്വേഷണവും തുടങ്ങിയിരുന്നു.
ഇതിനിടയിലാണ് മരിച്ചത് കീഴ്‌പ്പള്ളി കോഴിയോട് തട്ടിലെ ദീപു ജയപ്രകാശാണെന്ന സ്ഥിരീകരണമുണ്ടായത്.
ജോലി ചെയ്ത് സ്വന്തമായി പണമുണ്ടാക്കി പഠിക്കുന്ന ദീപുവും സംഗീതും ഉറ്റസുഹൃത്തുക്കളായിരുന്നു. അലുമ്‌നിയം ഫ്രാബ്രിക്കേഷൻ ഉൾപ്പെടെയുള്ള തൊഴിലെടുത്താണ് പണം കണ്ടെത്തിയിരുന്നത്.
സ്വന്തമായി സ്ഥാപനവും മറ്റും തുടങ്ങണമെങ്കിൽ പ്ളസ്ടുവെങ്കിലും പഠിക്കണമെന്ന തിരിച്ചറിവാണ് ഇരുവരെയും വൈകിയാണെങ്കിലും സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് എത്തിച്ചത്.
അപകടസ്ഥലത്ത് റോഡിൽ രക്തവും തലച്ചോറിന്റെ അവശിഷ്ടങ്ങളും ഇരിട്ടി അഗ്നിരക്ഷാസേനയെത്തി കഴുകിക്കളയുകയായിരുന്നു. അരമണിക്കൂറിലേറെ ഇരിട്ടി കൂട്ടുപുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

