മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു

Kannadiparamba online news

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

നെല്ല് (1972), റോസ്മേരിയുടെ ആകാശങ്ങള്‍ (1993), ആരും മരിക്കുന്നില്ല (1987), ആഗ്‌നേയം (1974), ഗൗതമന്‍ (1986), പാളയം (1981), ചാവേര്‍ (1991), അരക്കില്ലം (1977), കൂമന്‍കൊല്ലി (1984), നമ്പരുകള്‍ (1980), വിലാപം (1997), ആദിജലം (2004), വേനല്‍ (1979), കനല്‍ (1979), നിഴലുറങ്ങുന്ന വഴികള്‍ (1979) (നോവലുകള്‍). തിരക്കിലല്പം സ്ഥലം (1969), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരന്‍ (1982), ‘ഉണിക്കോരന്‍ ചതോപാധ്യായ (1985), ഉച്ചയുടെ നിഴല്‍ (1976), കറുത്ത മഴപെയ്യുന്ന താഴ്വര (1988), കോട്ടയിലെ പ്രേമ (2002), പൂരം (2003), അന്നാമേരിയെ നേരിടാന്‍ (1988), അശോകനും അയാളും (2006), വത്സലയുടെ സ്ത്രീകള്‍ (2005), വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ (2005), വത്സലയുടെ കഥകള്‍ (1989), പംഗരുപുഷ്പത്തിന്റെ തേന്‍ (1996), കഥായനം (2003), അരുന്ധതി കരയുന്നില്ല (1991), ചാമുണ്ടിക്കുഴി (1989) തുടങ്ങിയവയാണ് പ്രധാനകൃതികൾ.

2021-ലാണ് എഴുത്തച്ഛൻ പുരസ്കാരം നേടിയത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. എസ്.പി.സി.എസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെപേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അർഹയായി.

1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്‌സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു. 1993 മാര്‍ച്ചില്‍ അവിടെനിന്നാണ് വിരമിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!