അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നത് വെറും വാക്കല്ലെന്നും 2025ലെ കേരളപ്പിറവി ദിനത്തില്‍ ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കുമെന്നും റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലം നവ കേരള സദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 63006 പേരാണ് കേരളത്തില്‍ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റും. നവകേരള സദസ്സിലൂടെ പരാതികള്‍ സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്. പരാതി നല്‍കുന്നവര്‍ക്ക് അതിന്റെ തുടര്‍നടപടികളെ പറ്റി കൃത്യമായ വിശകലനം നടത്താനും കഴിയും. സര്‍ക്കാരും വിവിധ വകുപ്പുകളും അതിനായി നിയോഗിക്കപ്പെട്ടവരാണെന്നുള്ള ബോധ്യമുള്ളവരാണ്. മണ്ഡലത്തിലും ജില്ലയിലും സംസ്ഥാനത്തുമായി തീര്‍പ്പാക്കാന്‍ പറ്റുന്നവ വേഗത്തില്‍ തന്നെ തീര്‍പ്പാക്കും. ഏതെങ്കിലും വിധത്തിലുള്ള നിയമകുരുക്കില്‍ പെട്ടവയോ മറ്റോ ആണെങ്കില്‍ പ്രത്യേകമായി പരിഗണിച്ച് അതിനുള്ള പരിഹാരവും കണ്ടെത്തും. അതിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് മണ്ഡലത്തിലെ മൊറാഴ വില്ലേജിലെ 135 കുടുംബങ്ങള്‍ക്ക് ആറരപതിറ്റാണ്ടുകള്ക്ക് ശേഷം പട്ടയം യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. കേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കോവിഡ് പ്രളയം നിപ തുടങ്ങിയ ദുരന്തങ്ങളില്‍ നിന്നെല്ലാം ഈ ജനതയെ കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാരാണിത്. ഒരു ദുരന്തത്തിനും കേരള ജനതയെ വിട്ടു കൊടുക്കാനും തയ്യാറല്ല. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മട്ടന്നൂരിലെ നിറഞ്ഞ സദസ്സ്. ഈ വിശ്വാസവും പിന്തുണയുമാണ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനരംഗത്ത് നവകേരള ബദല്‍ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്
വികസനരംഗത്ത് ഒരു നവകേരള ബദല്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിന്റെ തുടക്കമായാണ് ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് ആസൂത്രണം ചെയ്തത്. പല ബഹിഷ്കരണ ആഹ്വാനങ്ങളെയും ജനങ്ങള്‍ എങ്ങനെയാണ് തട്ടി മാറ്റി മുന്നോട്ടുപോകുന്നത് എന്നതിന്റെ ഉദാഹരണമാണ് മട്ടന്നൂരില്‍ തടിച്ചുകൂടിയ ജനസാഗരം.
കേരളം അഭിമുഖീകരിക്കുന്ന പല പ്രധാന വിഷയങ്ങളെയും പരിഹരിക്കാനുള്ള നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതില്‍ ഒന്നാണ് ദേശീയപാത വികസനം. 2011-16 കാലയളവില്‍ അന്നത്തെ സര്‍ക്കാര്‍ ഉപേക്ഷിച്ചു പോയ ദേശീയ പാത വികസനം 2016ന് ശേഷം ഏറ്റെടുക്കാന്‍ പിണറായി വിജയന് സര്‍ക്കാര്‍ തയ്യാറായി. ഭൂമി ഏറ്റെടുക്കാന്‍ തുക ചെലവിടേണ്ട കേന്ദ്രം വിമുഖത കാണിച്ചപ്പോള്‍ ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക ഏറ്റെടുത്ത് നല്കാന് കേരളം തയ്യാറായി. ഈ ഇനത്തില്‍ കേരളം 5600 കോടി രൂപ ചെലവിട്ടു. 2025 ഓടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആറ് വരി ദേശീയ പാത യാഥാര്‍ഥ്യമാകും.
ഈ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പല ശക്തികളും ശ്രമിക്കുന്നു. അവര്‍ മഹാത്മാഗാന്ധിയുടെ വധം പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തു മാറ്റുകയാണ്. മൗലാനാ അബ്ദുല്‍ കലാം ആസാദിനെക്കുറിച്ചും ചാള്‍സ് ഡാര്‍വിനെക്കുറിച്ചും പഠിക്കേണ്ടതില്ല എന്ന് വിധിയെഴുതുകയാണ്. എന്നാല്‍ ചരിത്രത്തെ മറച്ചുവയ്ക്കുന്ന ശ്രമങ്ങള്‍ക്ക് ബദലായി കേരളം മാറുകയാണ്.
ഇവിടെ നവകേരള സദസ്സിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ചാവേര്‍ സമര രീതികളുമായി മുന്നോട്ടു പോവുകയാണ്. കുഴപ്പങ്ങള്‍ സൃഷ്ടിച്ച് നവകേരള സദസ്സിലേക്ക് വരുന്ന ആളുകളെ കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നത്. നവ കേരള സദസ്സുകള്‍ ഇടതുപക്ഷ സര്‍ക്കാറിനെ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജം പകരുകയാണെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സിലെ ജനസഞ്ചയം കേരള സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവ്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കേരളത്തിലെ സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചേറ്റിയ കാഴ്ചയാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ സര്‍വ്വ മേഖലയിലും മുന്നേറ്റം സൃഷ്ടിക്കാനുള്ള നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ഇവിടെ പല ശക്തികളും ഇതിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണ്. എന്നാല്‍ സത്യമെത്ര മറച്ചു പിടിച്ചാലും കൂടുതല്‍ കരുത്തോടെ അത് ജ്വലിച്ച് നില്ക്കും. ഈ സര്‍ക്കാരില്‍ ജനങ്ങള്‍ എത്രമാത്രം പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് പല മണ്ഡലങ്ങളിലും തടിച്ചു കൂടിയ ജനാവലിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സ്; മട്ടന്നൂരില്‍ മനുഷ്യ മഹാസമുദ്രം
വിമാനം പറന്നുയരുന്ന നീലാകാശത്തിനുമീതെ ഒരുക്കിയ കൂറ്റന്‍ പന്തലിലേക്ക് ജനങ്ങള്‍ ഇരമ്പിയെത്തി. നട്ടുച്ചവെയിലിലും വാടാത്ത ഊര്‍ജ്ജത്തോടെ. കണക്കുകൂട്ടിയതിലുമപ്പുറം ജനപ്രവാഹമാണ് മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സിലുണ്ടായത്. അന്താരാഷ്ട്ര വിമാനത്താവളം ഒന്നാംഗേറ്റിന് സമീപത്ത് ഒരുക്കിയ പവലിയനിലേക്ക് രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ഓരോ ബൂത്തുകളില്‍ നിന്നും പ്രത്യേകം ഒരുക്കിയ ബസുകളില്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ മനുഷ്യമഹാ സമുദ്രത്തിന് മട്ടന്നൂര്‍ സാക്ഷിയായി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തിന് താളംപിടിച്ചാണ് അവര്‍ സീറ്റുകളിലിരുന്നത്. കാത്തിരുന്ന പ്രിയ ജനനായകര്‍ എത്തിയപ്പോള്‍ കരഘോഷത്തോടെയും ചെണ്ട മേളത്തോടെയും വരവേറ്റു. നൃത്തവേഷത്തിലെത്തിയ കുട്ടികള്‍ പൂച്ചെണ്ടും നല്കി. കാഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നെയ്ത ബെഡ്ഷീറ്റുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമ്മാനിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി മട്ടന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കെ ഭാസ്കരന് മാസ്റ്റര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, കെ പി രമേഷ്ബാബു എന്നിവര്‍ തയ്യാറാക്കിയ സുവനീര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളായ എടയന്നൂരിലെ വി മന്‍മേഘ്, കശ്യപ്നാഥ് എന്നിവര്‍ ചേര്‍ന്ന് ക്യാന്‍വാസില്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രേഖാചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
പരാതി സ്വീകരിക്കാനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. 3350 പരാതികള്‍ ലഭിച്ചു. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, എല്‍ ജി ബി ടി ക്യൂ ഐ എ, ജനറല്‍ എന്നിങ്ങനെയാണ് കൗണ്ടറുകള്‍ ഒരുക്കിയത്. രാവിലെ പതിനൊന്ന് മണി മുതല്‍ പരാതികള്‍ സ്വീകരിച്ചു. സദസ്സിന് ശേഷവും പരാതികള്‍ സ്വീകരിച്ചു. ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന് ഹെല്പ് ഡെസ്കും ഒരുക്കിയിരുന്നു.